Enter your Email Address to subscribe to our newsletters

Thiruvananthapuram, 19 ഡിസംബര്‍ (H.S.)
പാരഡി ഗാനങ്ങള്‍ക്ക് കുഞ്ചന്‍ നമ്പ്യാര്‍ പുരസ്‌കാരവുമായി കോണ്‍ഗ്രസ്. മലയാളത്തിലെ മികച്ച ആക്ഷേപഹാസ്യ പാരഡി ഗാനങ്ങൾക്ക് കുഞ്ചൻ നമ്പ്യാർ പുരസ്കാരം നൽകാൻ സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റങ്ങൾക്കുള്ള പ്രതിരോധമായിട്ടാണ് പാരഡി ഗാനങ്ങൾക്ക് അംഗീകാരം നൽകാനായി സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുന്നോട്ട് വന്നിരിക്കുന്നത്.
സാമൂഹികമായി ഏറെ സ്വാധീനം ചെലുത്താനും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ പ്രതിരോധം ഉയർത്താനും കെൽപ്പുള്ള നിരവധി പാരഡി ഗാനങ്ങൾ മലയാളത്തിൽ ജനിച്ചിട്ടുണ്ട്. സാമൂഹ്യ വിമർശനത്തിലൂടെയും ഹാസ്യ സാഹിത്യത്തിലൂടെയും രാജാവിനെ വരെ തിരുത്തിയ പാരമ്പര്യമാണ് കുഞ്ചൻ നമ്പ്യാരുടെത്. ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റി വാചാലമാവുകയും എന്നാൽ സർഗാത്മക സൃഷ്ടികളിൽ കത്തിവയ്ക്കുകയും ചെയ്യുന്ന പുതിയ കാലത്ത് കുഞ്ചൻ നമ്പ്യാരുടെ ഓർമകൾ ഉയർത്തി അവയെ പ്രതിരോധിക്കുന്ന രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് സംസ്കാരസാഹിതി അറിയിച്ചു.
ലഭിക്കുന്ന എൻട്രികളിൽ നിന്നും മികച്ച പാരഡി ഗാനത്തിന് പുരസ്കാരം നൽകും. 25,000 രൂപയുടെ ക്യാഷ് പ്രൈസും ശില്പവുമാണ് പുരസ്കാരം. ജനുവരി 10ന് മുൻപ് ഗാനവും പിന്നണി പ്രവർത്തകരുടെ വിശദാംശങ്ങളും ഉൾപ്പെടെ മെയിലിലോ വാട്സാപ്പിലോ അപേക്ഷിക്കാം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR