Enter your Email Address to subscribe to our newsletters

Palakkad, 19 ഡിസംബര്‍ (H.S.)
വാളയാറിൽ ആൾക്കൂട്ട മർദനത്തിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടതിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഛത്തീസ്ഗഡ് സ്വദേശി രാംനാരയൺ നേരിട്ടത് മണിക്കൂറുകൾ നീണ്ട ആൾക്കൂട്ട വിചാരണ. പാലക്കാട് കിൻഫ്രയിൽ ജോലി തേടി എത്തിയ രാംചരൺ വഴിതെറ്റി അട്ടപ്പള്ളത്ത് എത്തുകയായിരുന്നു.
ബുധനാഴ്ച വൈകിട്ടോടെയാണ് അട്ടപ്പള്ളം മതാളികാട് ഭാഗത്തെത്തിയ ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ അതിക്രൂര മർദനത്തിനിരയായി കൊല്ലപ്പെട്ടത്. സംശയാസ്പദമായ രീതിയിൽ യുവാവിനെ കണ്ട തൊഴിലുറപ്പ് തൊഴിലാളികൾ പ്രദേശത്തെ യുവാക്കളെ വിവരം അറിയിച്ചു. തുടർന്ന് ഒരു കൂട്ടം യുവാക്കൾ ആൾക്കൂട്ട വിചാരണ നടത്തി. കള്ളൻ എന്ന് ആരോപിച്ച് ക്രൂരമായി മർദനമേറ്റ യുവാവ് റോഡിൽ ചോര വാർന്നു കിടന്നത് കണ്ട് പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. നാല് മണിക്കൂറോളം കഴിഞ്ഞാണ് പൊലീസ് സംഭവസ്ഥലത്ത് എത്തി.മർദനമേറ്റ് അവശനായ രാംനാരായണനെ ഇന്നലെ വൈകുന്നേരം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
തുടർന്ന് ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം നാളെ തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് പോസ്റ്റുമോർട്ടം നടത്തും. അതിനുശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR