Enter your Email Address to subscribe to our newsletters

Thiruvananthapuram, 19 ഡിസംബര്‍ (H.S.)
ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കാത്തതില്‍ ന്യായീകരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി. ഉത്തരവാദിത്തം ഏറ്റെടുത്ത് മൂന്ന് ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളു. താന്‍ ഒരു വര്‍ക്കിംഗ് പ്രൊഫഷണല്‍ ആണെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. അടുത്ത വര്‍ഷത്തെ മേളയിലെ വിസ്മയങ്ങള്‍ക്കായി കാത്തിരിക്കൂ എന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.
സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിയെ ഒരു പ്രതിസന്ധിയായി കാണുന്നില്ലെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. 186 ചിത്രങ്ങളില്‍ 180നും അനുമതി ലഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കാരണമാണ് 12 ചിത്രങ്ങള്‍ക്ക് ഒറ്റരാത്രികൊണ്ട് അനുമതി ലഭിച്ചത്.
ആറ് ചിത്രങ്ങള്‍ മേളയില്‍ കാണിക്കാന്‍ സാധിച്ചില്ല. അതുകാരണം പ്രതിനിധികള്‍ക്കുള്‍പ്പെടെ ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് താന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.
അതേസമയം, ഏഴ് ദിവസം നീണ്ടു നിന്ന ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശീല വീഴും. വൈകിട്ട് ആറ് മണിക്കാണ് നിശാഗന്ധിയില്‍ സമാപന സമ്മേളനം. സമാപന സമ്മേളനത്തിന് റസൂല്‍ പൂക്കുട്ടി പങ്കെടുക്കുന്നുണ്ട്.
സിനിമകളില്‍ കേന്ദ്രത്തിന്റെ കടുംവെട്ട്, അക്കാദമി ചെയര്‍മാന്റെ അസാന്നിധ്യം, സംഘാടനത്തില്‍ പിഴവ് വന്നെന്ന ആരോപണം, അങ്ങനെ ഉടനീളം വിവാദങ്ങളായിരുന്നു മുപ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍. സിനിമകളേക്കാള്‍ പ്രതിനിധികള്‍ ചര്‍ച്ചചെയ്തതും വിവാദം തന്നെ.
വൈകിട്ട് ആറിന് നിശാഗന്ധിയിലാണ് സമാപന സമ്മേളനം. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. വിവിധ വിഭാഗങ്ങളില്‍ വിജയിച്ച സിനിമകളുടെ അവാര്‍ഡ് വിതരണവും നടക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR