Enter your Email Address to subscribe to our newsletters

Kochi, 19 ഡിസംബര്‍ (H.S.)
താര സംഘടനയാ അമ്മയില്‍ വീണ്ടും പൊട്ടിത്തെറിക്കു സാധ്യത. അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്‍ സംഘടനയുടെ ഒദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ലെഫ്റ്റായി. അമ്മയുടെ 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഉള്ള ഗ്യൂപ്പില്‍ നിന്നുമാണ് ആദ്യം ലെഫ്റ്റായത്. തൊട്ടു പിന്നാലെ കെട്ടിട മെയിന്റനന്‍സ് ഗ്രൂപ്പ്, സ്പോണ്‍സര്‍ ഷിപ്പ് ഗ്രൂപ്പ്, ഇവന്റെ ഗ്രൂപ്പ്, മെമ്പര്‍ഷിപ്പ് ഗ്രൂപ്പ്, ഒഫീസ് ഗ്രൂപ്പ് എന്നീ ഗ്രൂപ്പുകളില്‍ നിന്നു ലെഫ്റ്റായി. ഇന്നലെ രാവിലെയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ എട്ടാം തീയതി അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്നിരുന്നു. കുറച്ചു മെമ്പമാര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. ഈ യോഗത്തില്‍ IFFK യ്ക്ക് എത്തുന്ന സിനിമാക്കാര്‍ക്ക് ഒരു ഡിന്നര്‍ ഒരുക്കുന്നതിനു തീരുമാനം എടുത്തിരുന്നു.
എന്നാല്‍, ഇത്തരം ഒരു കീഴ് വഴക്കം അമ്മയില്‍ ഇല്ലെന്നാണ് ചില താരങ്ങള്‍ പരസ്യമായി പറഞ്ഞത്. മല്ലികാ സുകുമാരനും പ്രതികരിച്ചു. 25 വര്‍ഷമായി ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ല. ഇതൊരു ചാരിറ്റി സംഘടനയാണ്. അതുകൊണ്ടു തന്നെ ഇത്തരം പരിപാടികള്‍ നടത്താനാകില്ലെന്ന് മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പ്രതികരിച്ചിരുന്നു. എന്നാല്‍, ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലെത്തിയ കുക്കു പരമേശ്വരന്‍ വകുപ്പു മന്ത്രി സജീ ചെറിയാന് വാക്കു കൊടുത്തു പോയെന്നും, അതുകൊണ്ട് ഡിന്നര്‍ നടത്തണണെന്നും വാശി പിടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടന്നു. എന്നിട്ടും, ഡിന്നര്‍ നടന്നു. പക്ഷെ, മന്ത്രിയുടെ ഓഫിസില്‍ നിന്നോ, മന്ത്രിയോ ഈ ഡിന്നറില്‍ പങ്കെടുത്തിരുന്നുമില്ല.
മറ്റൊരു സംഭവം, കുടുംബ സംഗമം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്. ജനുവരി 26ന് കുടുംബ സംഗമം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സ്പോണ്‍സര്‍മാരുമായി മീറ്റിംഗുകള്‍ നടന്നിരുന്നു. നിലവില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ, സുരേഷ്ഗോപിയോ ഇല്ലാത്ത സാഹചര്യത്തില്‍ സ്പോണ്‍സര്‍ ഷിപ്പ് കിട്ടുക വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ട് സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍, ഏജന്‍സിയെ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതിന് വലിയ കമ്മിഷന്‍ നല്‍കേണ്ടതുണ്ട്. അതിനെ സംബന്ധിച്ചും ചര്‍ച്ചകളും തര്‍ക്കങ്ങളും നടന്നിരുന്നു.
ഇതിനൊപ്പം തന്നെ സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു താരം കിടപ്പുരോഗിയായിട്ടുണ്ട്. ഇവര്‍ക്ക് ക്യാന്‍സര്‍ ബാധയാണ്. നാക്കുവരെ മുറിച്ചിട്ടുണ്ട്. ഇവര്‍ക്ക് മാസം 10,000 രൂപ നല്‍കാമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍, ആ തുകയും നല്‍കുന്നില്ല. പക്ഷെ, 5 ലക്ഷം രൂപയോളം ചെലവിട്ട് IFFKയ്ക്കു വന്ന സിനിമാക്കാര്‍ക്ക് ഡിന്നര്‍ നടത്താന്‍ യാതൊരു മടിയും ഉണ്ടായില്ല. ഇതാണ് അമ്മ ഭാരവാഹികള്‍ക്കെതിരേ ഉയരുന്ന വലിയ ആക്ഷേപം. എന്നാല്‍, ഇതിനൊന്നും ശ്വേതാമേനോന്‍ മുന്‍കൈയ്യെടുത്തില്ല. പ്രസിഡന്റ് ഇതിനെതിരേ ഒന്നും ചെയ്തില്ല. എങ്കിലും ഇത്രയും പണം ഫിലിംഫെസ്റ്റിവലില്‍ ചെലവഴിച്ചതിനെ ശ്വേതാമേനോന്‍ ചോദ്യം ചെയ്തു. ഇത് കുക്കു പരമേശ്വരനും ഉണ്ണി ഷിബുപാലും തിരിച്ചു ചോദ്യം ചെയ്യാന്‍ ഇടയായി. തമ്മില്‍ വലിയ തര്‍ക്കവും ഇതേ തുടര്‍ന്നുണ്ടായി എന്നാണ് സൂചനകള്‍. ഇതോടെ ശ്വേതാമേനോന്‍ 'ഇനി ജനറല്‍ ബോഡിക്കു കാണാം' എന്നൊരു മെസേജും ഇട്ടാണ് പുറത്തു പോയത്.
അമ്മയില്‍ അംഗമായ ഒരു നടിയുടെ പ്രശ്നത്തില്‍ നേതൃത്വം ഇടപെട്ടിട്ടില്ല എന്ന പരാതിയുണ്ട്. തമിഴ് സിനിമയില്‍ നിന്നുമാണ് ഈ നടിക്ക് പ്രതികൂല പ്രശ്നം ഉണ്ടായത്. ഇതിനെതിരേ അമ്മ നേതൃത്വം ഇടപെടാത്തതില്‍ വലിയ അമര്‍ഷം ഉണ്ടായിട്ടുണ്ട്. കൂടാതെ, സംഘടനയിലെ ഒരു നടന് ആശുപത്രിയില്‍ ഇന്‍ഷ്വറന്‍സ് തുക അടയ്ക്കാന്‍ തയ്യാറായില്ല. ഇന്‍ഷുറന്‍സ് തുക അടയ്ക്കേണ്ട കാലാവധി കഴിഞ്ഞ ശേഷമാണ് തുക അടച്ചത്. ഇതും വലിയ പ്രശ്നമായി. മറ്റൊരു നടിക്ക് 5000 രൂപയുടെ സഹായം നല്‍കാന്‍ പോലും തയ്യാറായില്ല. എന്നാല്‍, ഇതിനൊന്നും പണം നല്‍കാതെ 5 ലക്ഷം രൂപ കൊണ്ട് ഡിന്നര്‍ ഒരുക്കിയതിനെയാണ് ഭാരവാഹികള്‍ക്കെതിരേ ശക്തമായ ചര്‍ച്ചകള്‍ നടക്കുന്നത്.
മറ്റൊരു പ്രശ്നം പണ സമാഹരണത്തിനായി ഇതുവരെ നേതൃത്വം ഒന്നും ചെയ്തിട്ടില്ല. ഒരു ഇവന്റും സംഘടിപ്പിക്കാതെയാണ് മുന്നോട്ടു പോകുന്നത്. നേരത്തെയുള്ള ഭാരവാഹികള്‍ സംഘടിപ്പിച്ചു വെച്ചിരുന്ന തുക എടുത്തു ചെലവാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന ആക്ഷേപവുമുണ്ട്. ഡിന്നര്‍ നടത്തിയതിനെതിരേ ജോയി മാത്യു, ടിനിടോം, സിജോ വര്‍ഗീസ്, കൈലാഷ് എന്നിവരെല്ലാം എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നിട്ടും അതു മറികടന്നാണ് ഡിന്നര്‍ നടത്തിയത്. എന്നാല്‍, ഇത് നടത്തുന്നതിനു മുമ്പ് അംഗങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തെന്ന പരാതി ഉയരുകയാണ്. തലേ ദിവസം വരെ ഡിന്നര്‍ ഇല്ലെന്നു പറഞ്ഞിരുന്നവര്‍, അന്നേ ദിവസമാണ് എക്സിക്യൂട്ടീവ് അംഗങ്ങളോട് ഡിന്നര്‍ ഉണ്ട് എന്നു പറയുന്നത്. ഇതും പ്രശ്നങ്ങള്‍ക്കു വഴിവെച്ചു.
ട്രിവാന്‍ഡ്രം ക്ലബ്ബില്‍ വെച്ചു നടത്തിയ ഡിന്നറിന് അമ്മ പ്രസിഡന്റിന് എതിര്‍പ്പായിരുന്നു. ഇതിന്റെ ഭാഗമായാണ് ശ്വേതയുടെ ഇറങ്ങിപ്പോക്ക്. ഇതു കൂടാതെ, കഴിഞ്ഞ അമ്മയുടെ മീറ്റിംഗില്‍, സംഘഠനയിലുണ്ടായിരുന്ന, മരണപ്പെട്ടവരെ കുറിച്ച് എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു വിഷ്വല്‍ ചെയ്തിരുന്നു. ഇതിന് 55,000 രൂപയാണ് ചെലവു വന്നത്. എന്നാല്‍, ഈ എ.ഐ നിര്‍മ്മാണം വളറെ മോശമായ രീതിയിലാണ് ചെയ്തതെന്ന് ആക്ഷേപം ഉണ്ടായിരുന്നു. അതും നിലവിലെ പ്രശ്നത്തിന് കാരണമാണ്. ഈ പ്രശ്നങ്ങളുടെയെല്ലാം ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തനിക്കു കഴിയില്ല എന്നാണ് ശ്വേതാ മേനോന്‍ പറഞ്ഞത്. മാത്രമല്ല, അതിജീവിതയ്ക്കൊപ്പം നില്‍ക്കുന്ന നിലപാടും ശ്വേതയ്ക്കെതിരേ ആക്രമണത്തിനു കാരണമായിട്ടുണ്ടെന്നാണ് സൂചനകള്‍.
---------------
Hindusthan Samachar / Sreejith S