Enter your Email Address to subscribe to our newsletters

Kochi, 19 ഡിസംബര്‍ (H.S.)
ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ വിമര്‍ശിച്ച് ഹൈക്കോടതി. എ. പത്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ക്ക് ക്രിമിനല്‍ ഉത്തരവാദിത്തം ഉണ്ടെന്നും കെ.പി. ശങ്കര്‍ദാസിലേക്കും എന്‍. വിജയകുമാറിലേക്കും അന്വേഷണം പോകാതിരുന്നതുമാണ് കോടതിയെ പ്രകോപിപ്പിച്ചത്. ഇത് ഗുരുതരമായ വീഴ്ചയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളികള്‍ അഴിച്ചെടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം പൂശാന്‍ കൊടുത്തുവിട്ട തീരുമാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൂട്ടായ തീരുമാനമായിരുന്നു. അന്നത്തെ, 2019-ലെ ബോര്‍ഡ് മെമ്പര്‍മാരായ ശങ്കര്‍ദാസ്, എന്‍. വിജയകുമാര്‍ എന്നിവരെ എന്തിന് ഒഴിവാക്കിയെന്നും കോടതി ചോദിച്ചു.പത്മകുമാറിനെ പോലെ തന്നെ ഈ രണ്ട് ബോര്‍ഡ് മെമ്പര്‍മാരും കുറ്റകൃത്യത്തില്‍ ഒരേപോലെ പങ്കാളികളാണ്. ഇതില്‍ പത്മകുമാറിനെതിരെ മാത്രമാണ് നടപടി ഉണ്ടായിട്ടുള്ളത്. മറ്റ് രണ്ടുപേര്‍ക്കെതിരെയും എന്തുകൊണ്ട് നടപടി എടുത്തില്ല. അവരെ കാര്യമായി ചോദ്യംചെയ്തതായും രേഖകളില്‍ കാണാന്‍ സാധിക്കുന്നില്ല. അത് അന്വേഷണത്തിലെ വലിയ പോരായ്മയായി കോടതി ചൂണ്ടിക്കാണിക്കുന്നു.
പ്രതികളുടെ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജഡ്ജി ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരന്‍ ഈ വിഷയങ്ങള്‍ പരിശോധിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവെ നേരത്തെയും ഹൈക്കോടതി കടുത്ത നിലപാട് കൈക്കൊണ്ടിരുന്നു.
---------------
Hindusthan Samachar / Sreejith S