Enter your Email Address to subscribe to our newsletters

Palakkad, 19 ഡിസംബര്‍ (H.S.)
പാലക്കാട് വാളയാറില്‍ മോഷ്ടാവെന്ന് ആരോപിച്ച് അത്ഥി തൊഴിലാളിയെ ആള്‍ക്കൂട്ടം തല്ലി കൊന്നത് അതിക്രൂരമായി. 15ഓളം പേരാണ് ഛത്തീസ്ഗഢ് സ്വദേശി രാംനാരായണ്‍ വയ്യാറിനെ മര്‍ദിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദനത്തിന്റെ ക്രൂരതകള്‍ മുഴുവന്‍ വ്യക്തമായിട്ടുണ്ട്. ശരീരത്തില്‍ മുഴുവന്‍ മര്‍ദനമേറ്റിട്ടുണ്ട്. 40 മുറിവുകളാണ് ശരീരത്തിലുണ്ടായത്. തലയിലും ശരീരത്തിലും ഏറ്റ മുറിവാണ് മരണ കാരണം. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം നടന്നത്.
തല മുതല്‍ കാല്‍ വരെ മര്‍ദനം ഏറ്റിട്ടുണ്ട്. കൂടാതെ നിലത്തിട്ട് വലിച്ചിഴത്തിന്റെ പാടുകളും ശരീരത്തിലുണ്ട്. ബുധനാഴ്ചയാണ് കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ ജോലിക്കെത്തിയ രാംനാരായണ്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റത്. മോഷ്ടാവ് എന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ട വിചാരണയും മര്‍ദനവും നടന്നത്. മര്‍ദനമേറ്റ് കുഴഞ്ഞുവീണ രാംനാരായണിനെ നാലുമണിക്കൂറിനുശേഷമാണ് പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചു.
സംഭവത്തില്‍ വാളയാര്‍ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ 5 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കെട്ടിട നിര്‍ണാണ മേഖലയില്‍ തൊഴിലെടുക്കുന്നതിനാണ് നാലുദിവസം മുമ്പാണ് രാംനാരയണ്‍ പാലക്കാട് എത്തിയത്. പുതിയ ആളായതിനാല്‍ വഴിയൊന്നും അറിയില്ല. അതിനാല്‍ എങ്ങനെയോ വഴിതെറ്റി സംഭവം നടന്ന സ്ഥലത്ത് എത്തപ്പെട്ടതാകാം. ഒരു ക്രിമിനല്‍ റെക്കോഡുമില്ലാത്ത ആളാണ്. എട്ടും പത്തും വയസുള്ള രണ്ട് മക്കളുണ്ട്. കുടുംബം പോറ്റുന്നതിന് ജോലിയെടുക്കാനാണ് ഇവിടെ വന്നതെന്നും ബന്ധു ശശികാന്ത് ബഗേല്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S