Enter your Email Address to subscribe to our newsletters

Thiruvanathapuram, 19 ഡിസംബര്‍ (H.S.)
പോറ്റിയെ കേറ്റിയേ പാരഡിയില്‍ കേസെടുത്ത് നാണംകെട്ടതോടെ യുടേണ്‍ എടുത്ത് പിണറായി സര്‍ക്കാര്‍. വൈറല്‍ പാട്ടിന് എതിരെ പുതിയ കേസുകള്‍ എടുക്കേണ്ടെന്ന് പോലീസിന് നിര്‍ദേശം. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടര്‍ നടപടികള്‍ വേണ്ടെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നിലപാട് ക്രമസമാധാന ചുമതലയുള്ള എഡിജിപി ജില്ല പൊലീസ് മേധാവിമാരെ അറിയിച്ചിട്ടുണ്ട്.
സാമൂഹികമാധ്യമങ്ങളില്‍ നിന്ന് പാട്ട് നീക്കുന്നതിന് നടപടി വേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മെറ്റയ്ക്കും ഗൂഗിളിനും കത്ത് അയക്കില്ല. വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്. ആവിഷ്‌കാരം സ്വതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്ന സിപിഎം തന്നെ ഒരു പാട്ടിന് എതിരെ പ്രവര്‍ത്തിക്കുന്നതിലാണ് വിമര്‍ശനം ഉയര്‍ന്നത്.
പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തത്. പാട്ട് തയാറാക്കിയ ജിപി കുഞ്ഞബ്ദുല്ല, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വ്യാപകമായി ഈ പാട്ട് ഉപയോഗിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് പാട്ടിന് എതിരെ നടപടി തുടങ്ങിയത്.
---------------
Hindusthan Samachar / Sreejith S