Enter your Email Address to subscribe to our newsletters

Thiruvanathapuram, 19 ഡിസംബര്‍ (H.S.)
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉള്‍പ്പെട്ട ഉന്നതരുടെ ചോദ്യം ചെയ്യലും അറസ്റ്റും തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ ഉണ്ടാകാതിരിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് എസ്.ഐ.ടിക്കു മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തിയെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് കോടതിയുടെ ഇന്നത്തെ ഉത്തരവെന്ന്‌ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദേവസ്വം ബോര്‍ഡിലെ പ്രധാനപ്പെട്ട അംഗങ്ങളെ അറസ്റ്റു ചെയ്തില്ലെന്നും അന്വേഷണം വന്‍സ്രാവുകളിലേക്ക് നീങ്ങിയില്ലെന്നുമാണ് കോടതി പറഞ്ഞത്. അതു തന്നെയായിരുന്നു ഞങ്ങളുടെയും ആരോപണം. തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എം വീണ്ടും പ്രതിക്കൂട്ടിലാകുമെന്ന് മനസിലാക്കിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എസ്.ഐ.ടിക്ക് മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തിയത്. ഹൈക്കോടതിയുടെ മേല്‍നോട്ടം ഉള്ളതിനാല്‍ എസ്.ഐ.ടിയില്‍ ഇപ്പോഴും ഞങ്ങള്‍ അവിശ്വാസം പ്രകടിപ്പിക്കുന്നില്ല. ഹൈക്കോടതി ആഗ്രഹിക്കുന്നതു പോലെ സത്യസന്ധമായി അന്വേഷണം മുന്നോട്ട് കൊണ്ടു പോകാന്‍ അവര്‍ക്ക് സാധിക്കും. പക്ഷെ അവര്‍ ആഭ്യന്തര വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥരായതു കൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായപ്പോള്‍ അന്വേഷണം മന്ദഗതിയിലായത്. സ്വതന്ത്രവും നീതിപൂര്‍വവുമായ അന്വേഷണം നടത്താനുള്ള സാഹചര്യം ഒരുക്കുന്നതിനു വേണ്ടിയാണ് ഞങ്ങള്‍ ആരോപണം ഉന്നയിച്ചത്. കോടതിയെയാണ് വിമര്‍ശിക്കുന്നതെന്നാണ് അന്ന് മന്ത്രി പി. രാജീവ് പറഞ്ഞത്. ഞങ്ങള്‍ കോടതിയെയും എസ്.ഐ.ടിയെയും അല്ല വിമര്‍ശിച്ചത്. എസ്.ഐ.ടിക്ക് മേല്‍ അനാവശ്യ സമ്മര്‍ദ്ദം മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തിയതു കൊണ്ടാണ് ഹൈക്കോടതി നിരീക്ഷിച്ചതു പോലെ അന്വേഷണം പെട്ടെന്ന് മന്ദഗതിയിലായത്.
അന്തര്‍സംസ്ഥാന ബന്ധമുള്ള കേസായതിനാല്‍ ഇ.ഡി അന്വേഷിക്കുന്നതില്‍ കുഴപ്പമില്ല. പക്ഷെ രാഷ്ട്രീയ പ്രേരിതമായി അന്വേഷിക്കരുത്. ഇതുവരെയുള്ള കേസുകളിലെല്ലാം അവര്‍ സര്‍ക്കാരിനെ സഹായിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഇ.ഡിയെ വിശ്വാസമില്ല. കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന കേസല്ല ഇത്. ഇപ്പോള്‍ അറസ്റ്റിലായ കച്ചവടക്കാരല്ല സ്വര്‍ണക്കൊള്ളയിലെ ഉന്നതര്‍. കവര്‍ച്ചയെ കുറിച്ച് പ്രധാനപ്പെട്ട ആളുകള്‍ക്ക് അറിയാമായിരുന്നു. അന്നത്തെ മന്ത്രിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് കടകംപള്ളി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. സത്യസന്ധമായി അന്വേഷിച്ചാല്‍ കടകംപള്ളിക്കും അപ്പുറത്തേക്ക് പോകും. പ്രതിപക്ഷം ഒരിക്കലും ശൂന്യതയിലേക്ക് വെടിവയ്ക്കാറില്ല. ശബരിമല സംഭവവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ ഇന്നുവരെ പ്രകടിപ്പിച്ച ഏതെങ്കിലും കാര്യത്തില്‍ തെറ്റു പറ്റിയിട്ടുണ്ടോ? ദ്വാരപാലക ശില്‍പം ചെന്നൈയില്‍ എത്താന്‍ ഒരു മാസവും 9 ദിവസവും എടുത്തത് എന്തുകൊണ്ടാണെന്ന സംശയം ആദ്യം ഉന്നയിച്ചത് പ്രതിപക്ഷമാണ്. വ്യാജന്‍ ഉണ്ടാക്കാനാകും ഇത്രയും സമയം എടുത്തതെന്ന സംശയവും പ്രതിപക്ഷമാണ് പ്രകടിപ്പിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒര്‍ജിനല്‍ ദ്വാരപാലക ശില്‍പം കോടീശ്വരന് വിറ്റെന്ന് കോടതി വ്യക്തമാക്കി. ഞങ്ങള്‍ക്ക് കിട്ടുന്ന ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസാരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും എസ്.ഐ.ടിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് പറഞ്ഞതും ഞങ്ങള്‍ക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. വാസുവിന്റെ അറസ്റ്റിന് മുന്‍പും എസ്.ഐ.ടിക്കു മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ അന്ന് അതിന് എസ്.ഐ.ടി വഴങ്ങിയില്ല. കോടതിയുടെ മേല്‍നോട്ടമുള്ളതിനാല്‍ എസ്.ഐ.ടിയുടെ അന്വേഷണത്തില്‍ പ്രതിപക്ഷം ഇപ്പോഴും അവിശ്വാസം രേഖപ്പെടുത്തുന്നില്ല. അവര്‍ക്ക് നന്നായി അന്വേഷിക്കാന്‍ സാധിക്കും. പക്ഷെ അവരെ ബുദ്ധിമുട്ടിക്കരുത്.
കഴിഞ്ഞ ദേവസ്വം ബോര്‍ഡിന് 2019ല്‍ കളവ് നടന്നെന്ന് അറിയാമായിരുന്നു. പുറത്താരും അത് അറിഞ്ഞിട്ടില്ലെന്നു വ്യക്തമായതുകൊണ്ടാണ് വീണ്ടും പൂശാന്‍ പ്രശാന്ത് പ്രസിഡന്റായ കമ്മിറ്റിക്ക് തോന്നിയത്. തിരുവാഭരണം കമ്മിഷണര്‍ എതിര്‍ത്തിട്ടും പുറത്തേക്ക് കൊണ്ടു പോകണമെന്ന നിര്‍ബന്ധം കാട്ടിയതും ഉണ്ണികൃഷ്ണന്‍ പോറ്റിയെ തന്നെ ഏല്‍പ്പിച്ചതും പ്രശാന്താണ്. കവര്‍ച്ചാ ശ്രമമാണ് 2024-ല്‍ നടന്നത്. കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ 2019-ലേതു പോലെ വീണ്ടും കവര്‍ച്ച നടന്നേനെ എന്നും സതീശന്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S