Enter your Email Address to subscribe to our newsletters

Thiruvananthapuram, 2 ഡിസംബര്‍ (H.S.)
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ ബലാത്സംഗ പരാതി ലഭിച്ചെന്ന് സ്ഥിരീകരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കെപിസിസി പ്രസിഡൻ്റിനാണ് പരാതി ലഭിച്ചത്. ഉടനെ തന്നെ പൊലീസിന് കൈമാറിയെന്നും അടൂർ പ്രകാശ് അറിയിച്ചു. പൊലീസ് അന്വേഷിക്കുന്നതിനു വേണ്ടിയാണ് കെപിസിസി പ്രസിഡൻ്റ് പരാതി നേരിട്ട് ഡിജിപിക്ക് കൈമാറിയിരിക്കുന്നത്. ബാക്കി കാര്യങ്ങളിൽ അന്വേഷണം നടത്തേണ്ടത് പൊലീസ് ആണ്. എംഎൽഎയെ സംരക്ഷിക്കുന്നതിനെക്കുറിച്ച് പിന്നീട് ചർച്ച ചെയ്യാം. ഇക്കാര്യത്തിൽ വേഗത്തിൽ നടപടി എന്ന നിലയ്ക്കാണ് പരാതി പൊലീസിന് കൈമാറിയിരിക്കുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.
നേരത്തെ പരാതിയെപ്പറ്റി ചോദിച്ചപ്പോൾ വിഷയത്തെപ്പറ്റി അറിയില്ലെന്നായിരുന്നു അടൂർ പ്രകാശിൻ്റെ പ്രതികരണം. മാധ്യമങ്ങൾ പുറത്തുവിടുന്ന വാർത്തകൾക്ക് മറുപടി പറയുന്നതല്ല യുഡിഎഫ് കൺവീനറിൻ്റെ പണിയെന്നും അറിയാത്ത കാര്യത്തെപ്പറ്റി പ്രതികരിക്കില്ലന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി ലഭിച്ചുവെന്ന് കെപിസിസി സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു അടൂർ പ്രകാശിൻ്റെ പ്രതികരണം. മറ്റൊരു പെണ്‍കുട്ടിയെ കൂടി രാഹുൽ ഹോട്ടൽ മുറിയില്‍ കയറി ക്രൂരമായി പീഡിപ്പിച്ചെന്ന വാർത്ത നേരത്തെ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.
കെപിസിസി അധ്യക്ഷനാണ് പെണ്‍കുട്ടി പരാതി നൽകിയത്. നേരത്തെ പരാതി വന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വീണ്ടും പരാതി വന്നതോടെ പുറത്താക്കാനുള്ള നടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന. രേഖാമൂലമാണ് പെണ്‍കുട്ടി കെപിസിസി അധ്യക്ഷന് പരാതി നല്‍കിയത്. ഒപ്പം രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR