Enter your Email Address to subscribe to our newsletters

Thiruvananthapuram, 2 ഡിസംബര്‍ (H.S.)
ടെലിവിഷൻ ചാനലുകളുടെ വ്യൂവർഷിപ്പ് അളക്കുന്ന ബാർക്ക് (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗണ്‍സില്‍) ഡാറ്റയില്‍ വൻ തോതില്‍ തിരിമറി നടത്തിയെന്ന പരാതിയില്‍ റിപ്പോർട്ടർ ചാനല്‍ ഉടമക്കെതിരെ പോലീസ് കേസെടുത്തു.
24 ന്യൂസ് ചാനലിലെ സീനിയർ വൈസ് പ്രസിഡന്റ് സി. ഉണ്ണികൃഷ്ണൻ കളമശ്ശേരി പോലീസില്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ബാർക്ക് സീനിയർ മാനേജർ പ്രേംനാഥ് ഒന്നാം പ്രതിയും റിപ്പോർട്ടർ ചാനല്‍ ഉടമ രണ്ടാം പ്രതിയുമാണ്. പ്രതികള്‍ക്കെതിരെ വ്യാജ രേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങളാണ് ഭാരതീയ ന്യായ സംഹിതയിലെ 316 (2), 318 (4), 336(3), 340 (2), 3(5) എന്നീ വകുപ്പുകള്‍ പ്രകാരം ചുമത്തിയിരിക്കുന്നത്.
റേറ്റിംഗ് തട്ടിപ്പ് സംബന്ധിച്ച് 24 ന്യൂസ് ചാനല്‍ പുറത്തുവിട്ട 'ഓപ്പറേഷൻ സത്യ' എന്ന അന്വേഷണാത്മക പരമ്ബരയോടെയാണ് വിവാദങ്ങള്‍ ആരംഭിക്കുന്നത്. ബാർക്കിലെ ജീവനക്കാർക്ക് കോടികള്‍ കോഴ നല്‍കി റേറ്റിംഗ് അട്ടിമറിക്കുന്നു എന്നതായിരുന്നു മുഖ്യ ആരോപണം. ഒന്നാം പ്രതിയായ ബാർക്ക് സീനിയർ മാനേജർ പ്രേംനാഥിന് കേരളത്തിലെ ഒരു ചാനല്‍ ഉടമ ക്രിപ്‌റ്റോ കറൻസി (USDT/ ഡോളർ ടെതർ) വഴി കോടിക്കണക്കിന് രൂപ കൈമാറ്റം ചെയ്തതായി വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. മുംബൈ ആസ്ഥാനമായ പ്രേംനാഥിന്റെ ട്രസ്റ്റ് വാലറ്റിലേക്ക് 100 കോടി രൂപയോളം എത്തിയതായും 24 ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
റേറ്റിംഗ് മീറ്ററുകള്‍ സ്ഥാപിച്ചിട്ടുള്ള പ്രദേശങ്ങളുടെ പിൻകോഡ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള രഹസ്യ ഡാറ്റ ഒന്നാം പ്രതി രണ്ടാം പ്രതിക്ക് കൈമാറിയെന്നും, അതുവഴി റേറ്റിംഗില്‍ കൃത്രിമം നടത്തിയെന്നുമാണ് കേസ്. വാട്ട്‌സ്‌ആപ്പ് ചാറ്റുകളിലൂടെ റേറ്റിംഗ് വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തു വരുന്നതിനു മുൻപ് തന്നെ പ്രേംനാഥ് ചാനല്‍ ഉടമക്ക് ചോർത്തി നല്‍കിയിരുന്നതായും ഇതിന് തെളിവുകളുണ്ടെന്നും ആരോപണമുയർന്നിരുന്നു.
മാത്രമല്ല, റേറ്റിംഗിലെ കുത്തനെയുള്ള വർദ്ധനവ് സാധൂകരിക്കാൻ ചാനല്‍ ഉടമ മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളില്‍ ഫോണ്‍-ഫാമിംഗ് സംവിധാനങ്ങളിലൂടെ യൂട്യൂബ് കാഴ്ചക്കാരെ വ്യാജമായി വർദ്ധിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ഈ തട്ടിപ്പിലൂടെ പരാതിക്കാരന്റെ ചാനലിന് (24 ന്യൂസ്) 15 കോടി രൂപയുടെ പരസ്യവരുമാന നഷ്ടം സംഭവിച്ചതായാണ് കേസ്.
കേരള ടെലിവിഷൻ ഫെഡറേഷൻ (കെ.ടി.എഫ്) പ്രസിഡന്റും 24 ന്യൂസ് എംഡിയുമായ ശ്രീകണ്ഠൻ നായർ ഈ സംഘടിത തട്ടിപ്പിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ബാർക്ക് സിഇഒക്കും പരാതി നല്‍കിയിരുന്നു. ഇതിനെത്തുടർന്ന് സംസ്ഥാന പോലീസ് മേധാവി പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടുകയും കേസിന്റെ ഗൗരവം കണക്കിലെടുത്ത് സൈബർ പോലീസിന് ചുമതല നല്‍കുകയും ചെയ്തു.
ഇതിനുപുറമെ, വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട ബാർക്ക് ഇന്ത്യ, സുതാര്യത ഉറപ്പാക്കുന്നതിനായി ഒരു സ്വതന്ത്ര ഏജൻസിയെ ഫോറൻസിക് ഓഡിറ്റിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ആരോപണങ്ങള്‍ ഉയരുന്നതിന് മുൻപ് തന്നെ, 2024-ലെ 28 മുതല്‍ 40 വരെയുള്ള ആഴ്ചകളില്‍ ആരോപണവിധേയമായ ചാനലിന്റെ റേറ്റിംഗില്‍ 125% വരെ അസ്വാഭാവികമായ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR