Enter your Email Address to subscribe to our newsletters

New Delhi, 2 ഡിസംബര്‍ (H.S.)
തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ ഭൂമി കേന്ദ്ര സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി.
ബ്രഹ്‌മോസ്, എസ്എസ്ബി, ദേശീയ ഫോറന്‍സിക് സര്‍വകലാശാല എന്നിവയ്ക്കാണ് ഭൂമി അനുവദിക്കുക. 457 ഏക്കറില്‍ 257 ഏക്കര്‍ ഭൂമിയാണ് മൂന്ന് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ക്കായി അനുവദിക്കുന്നത്. 200 ഏക്കര്‍ ഭൂമി ജയിലിന്റെ ആവശ്യങ്ങള്‍ക്കായി നിലനിര്‍ത്തും.
തുറന്ന ജയിലുകളുടെ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ നേരത്തെ കോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 32 ഏക്കര്‍ ഭൂമിയാണ് നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കാനായി നല്‍കുക. സശസ്ത്ര സീമ ബല്‍ ബറ്റാലിയന്റെ ഹെഡ് ക്വാട്ടേഴ്‌സ് സ്ഥാപിക്കാന്‍ 32 ഏക്കര്‍ ഭൂമി കൈമാറാനും സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്.
ബ്രഹ്‌മോസ് എയറോ സ്‌പേസ് തിരുവനന്തപുരം ലിമിറ്റഡ് വികസനത്തിന്റെ ഭാഗമായി ഒരു യൂണിറ്റ് ആരംഭിക്കുന്നതിന് ഭൂമി അനുവദിക്കുന്നത് സംബന്ധിച്ച് ഡിആര്‍ഡിഓ കേരള സര്‍ക്കാരിനോട് നേരത്തെ അനുമതി ആവശ്യപ്പെട്ടിരുന്നു. പദ്ധതി കൊണ്ടു വരുന്നതിനായി കേന്ദ്ര സര്‍ക്കാരും നേരത്തെ തന്നെ ആലോചിക്കുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR