Enter your Email Address to subscribe to our newsletters

Palakkad, 2 ഡിസംബര്‍ (H.S.)
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് വിടാന്‍ ഉപയോഗിച്ച ചുവന്ന കാര്‍ സൂക്ഷിച്ചത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍. കണ്ണില്‍ പൊടി ഇടുന്ന പോലുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഇല്ലാത്ത രീതിയില്‍ ഒരു നിയമസഭാ സാമാജികന്റെ ഭാഗത്ത് നിന്ന് പീഡനത്തിന്റേതുള്‍പ്പടെ വാര്‍ത്തകളാണ് ചര്‍ച്ച ചെയ്യുന്നത്. അന്വേഷണം നടന്നുകൊണ്ടിരിക്കെ എംഎല്‍എ പാലക്കാട് പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന സ്ഥലത്ത് നിന്ന് നിമിഷനേരം കൊണ്ട് അപ്രത്യക്ഷനാകുന്ന കാഴ്ചയാണ് കാണുന്നത്. അദ്ദേഹം ഉപയോഗിച്ചു എന്ന് പറയുന്ന കാര്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇതേ എംഎല്‍എക്ക് വേണ്ടി ഒരു ഗ്രൂപ്പ് യോഗം ചേര്‍ന്ന ഒരു നേതാവിന്റെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ പല നേതാക്കന്‍മാരും പീഡനവീരനായ എംഎല്‍എയെ സഹായിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത് – പ്രശാന്ത് ശിവന്‍ പറഞ്ഞു.
പാലക്കാട്ടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കന്‍മാര്‍ രാഹുലിനെ സഹായിക്കുകയാണ്. . രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒളിപ്പിച്ചു വച്ചിരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കന്‍മാരുടെ വീടുകളിലാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാഹുല്‍ അജ്ഞാത വാസത്തിന് പോയ സമയത്ത് അദ്ദേഹത്തെ കൊണ്ടുവരുന്നതിന് ഗ്രൂപ്പ് യോഗമുള്‍പ്പടെ ചേര്‍ന്ന വീടുകളുടെ കാര്യം മാധ്യമങ്ങളുള്‍പ്പടെ ചര്‍ച്ച ചെയ്തതാണ്. ആ വീടുകളില്‍ അന്വേഷണം നടക്കട്ടെ. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കന്‍മാരുടെ പിന്തുണ രാഹുലിന് ലഭിച്ചിട്ടുണ്ട് – പ്രശാന്ത് ശിവൻ പറഞ്ഞു.
---------------
Hindusthan Samachar / Roshith K