വാഗ്ദാനങ്ങൾ നൽകി ജീവനക്കാരെ കബളിപ്പിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്-കെ മുരളീധരൻ
Thiruvananthapuram, 2 ഡിസംബര്‍ (H.S.) കഴിഞ്ഞ ഒമ്പതര വർഷക്കാലം സർക്കാർ ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനോ അവരെ വിശ്വാസത്തിൽ എടുക്കാനോ കഴിയാത്ത സർക്കാർ ഇലക്ഷൻ അടുത്തപ്പോൾ പ്രഖ്യാപനങ്ങൾ നൽകി ജീവനക്കാരെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ മ
K Muralidharan


Thiruvananthapuram, 2 ഡിസംബര്‍ (H.S.)

കഴിഞ്ഞ ഒമ്പതര വർഷക്കാലം സർക്കാർ ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനോ അവരെ വിശ്വാസത്തിൽ എടുക്കാനോ കഴിയാത്ത സർക്കാർ ഇലക്ഷൻ അടുത്തപ്പോൾ പ്രഖ്യാപനങ്ങൾ നൽകി ജീവനക്കാരെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ മുരളീധരൻ അഭിപ്രായപ്പെട്ടു.

സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻ (സെറ്റോ) യുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവനക്കാരുടെയും അധ്യാപകരുടെയും 65,000 കോടി രൂപയാണ് അനുകൂല്യങ്ങളാണ് സർക്കാർ തടഞ്ഞു വച്ചിരിക്കുന്നത്. സമാനതകളില്ലാത്ത കൊള്ളയാണ് സർക്കാർ നടത്തിയിരിക്കുന്നത്. പ്രഖ്യാപനങ്ങൾ മാത്രമായി സർക്കാർ തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. കേരളത്തിലെ പ്രഖ്യാപനങ്ങൾ എല്ലാം മുഖ്യമന്ത്രി വിദേശത്ത് വച്ചാണ് നടത്തുന്നത്. കയ്യിൽ കാൽ കാശില്ല എങ്കിലും പ്രഖ്യാപനങ്ങൾക്ക് ഒരു കുറവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രവർത്തനവും സമഗ്ര വോട്ടർ പരിഷ്കരണത്തിന്റെ പ്രവർത്തനവും ജീവനക്കാരുടെ മേൽ അമിത സമ്മർദമാണ് അടിച്ചേൽപ്പിക്കുന്നത്. ജീവനക്കാരന്റെ ജീവനെടുക്കുന്ന കൊലയാളി സർക്കാറായി ഇടതുപക്ഷ സർക്കാർ മാറിയിരിക്കുന്നു. അമിത ജോലിഭാരം പയ്യന്നൂരിൽ ഒരു ബി.എൽ.ഒയുടെ ആത്മഹത്യയിലേക്ക് നയിച്ചിരിക്കുകയാണ്.

അഞ്ച് ഗഡുക്കളിലായി രണ്ടര വർഷത്തെ 13 ശതമാനം ക്ഷാമബത്തയാണ് ലഭിക്കാനുള്ളത്. 2021 ജൂലൈ മുതലുള്ള അഞ്ചു ഗഡു ക്ഷാമബത്തയുടെ കുടിശ്ശിക അനുവദിച്ചപ്പോൾ 190 മാസത്തെ കുടിശ്ശിക കവർന്നെടുത്തു. ജീവനക്കാർക്കും അധ്യാപകർക്കും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്.

അയ്യഞ്ചാണ്ട് ശമ്പളപരിഷ്കരണം സർക്കാർ അട്ടിമറിച്ചിരിക്കുകയാണ്. 2024 ജൂലൈ ഒന്നിന് ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണത്തിന്റെ പ്രാബല്യ തീയതി കഴിഞ്ഞ് ഒന്നര വർഷം പിന്നിട്ടിട്ടും കമ്മീഷനെ പോലും നിയമിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.

2019 ൽ ലഭിക്കേണ്ട ശമ്പള പരിഷ്കരണ കുടിശ്ശികയിൽ രണ്ട് ഗഡു പി.എഫിൽ ലയിപ്പിച്ചുവെങ്കിലും പിൻവലിക്കാൻ കഴിയുന്നില്ല. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയർന്നിരിക്കുന്നു. അവശ്യസാധനങ്ങളുടെ വില തൊട്ടാൽ പൊള്ളുന്ന അവസ്ഥയിലാണ്.

പത്തുവർഷത്തിനു മുമ്പ് പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പ്രകടനപത്രികയിൽ എഴുതിച്ചേർത്തവർ പങ്കാളിത്ത പെൻഷൻകാർ അടച്ചുതീർത്ത തുകയിൽ നിന്നും 5671 കോടി രൂപ വായ്പയെടുത്ത് അവരെ വഞ്ചിച്ചിരിക്കുകയാണ്.

മെഡിസെപ്പിന്റെ പേരിൽ സ്വകാര്യ ഇൻഷുറൻസ് കമ്പനികളുമായി കരാർ ഉണ്ടാക്കി സർക്കാർ ജീവനക്കാരുടെ പണത്തിൽ നിന്നും കമ്മീഷൻ അടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഉന്നത വിദ്യാഭ്യാസരംഗം താറുമാറായി. പി.എം.ശ്രീ പോലുള്ള പദ്ധതികൾ അടിച്ചേൽപ്പിക്കുന്നത് വഴി വിദ്യാഭ്യാസരംഗത്ത് കാവിവൽക്കരണത്തിനാണ് സർക്കാർ തുടക്കം കുറിക്കുന്നത്. യൂണിവേഴ്സിറ്റികൾ സ്വകാര്യവത്കരിക്കുന്നു. ഭരണഘടനാ സ്ഥാപനമായ പി.എസ്‌.സിയുടെ നിലനിൽപ്പ് പോലും ഇന്ന് ചോദ്യം ചെയ്യപ്പെടുകയാണ്. പി.എസ്.സിയും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടക്കുന്നു.

ജീവനക്കാരെ അടിമകളായി കരുതുന്ന ഒരു ഭരണകൂടത്തിനെതിരെ അതിശക്തമായ പ്രതിഷേധങ്ങൾ ഉയർത്താൻ സെറ്റോ സംഘടനകൾക്കും കഴിയുമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ സെമിഫൈനലിൽ തന്നെ ഈ സർക്കാരിനെ പരാജയപ്പെടുത്തി ഐക്യ ജനാധിപത്യമുന്നണി അധികാരത്തിലെത്തുമെന്നും തുടർന്ന് അദ്ദേഹം അറിയിച്ചു.

സെറ്റോ ചെയർമാൻ ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ മുഖ്യപ്രഭാഷണം നടത്തി.ജനറൽ കൺവീനർകെ അബ്ദുൽ മജീദ്, കെ സി സുബ്രഹ്മണ്യൻ കമ്പറ നാരായണൻ, പുരുഷോത്തമൻകെ.പി, ബി ഗോപകുമാർ, എസ്.പ്രദീപ് കുമാർ,പി.കെ സുഭാഷ് ചന്ദ്രൻ, ആർ അരുൺകുമാർ, ബി പ്രദീപ്കുമാർ, എൻ മഹേഷ്, എസ് മനോജ്, വെങ്കിടാമൂർത്തി, അനിൽകുമാർ, ശിഹാബ്, അനിൽ വെഞ്ഞാറമൂട്, എസ് അരുൺ, മൊബിഷ് പി തോമസ്, ടി.വി ജോമോൻ, വി എസ് രാഘേഷ്, അനിൽകുമാർ,എം ഒ ഡെയ്സൺ, ജോൺ മനോഹർ,ആര്യനാട് പ്രശാന്ത് കുമാർ, ജോർജ്ജ് ആൻ്റണി, നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News