പൊലിഞ്ഞത് ആറ് മെഡിക്കൽ വിദ്യാർഥികളുടെ ജീവന്‍, നാടിനെ കണ്ണീരിലാഴ്ത്തിയ കളര്‍കോട് വാഹനാപകടത്തിന് ഒരാണ്ട്
Alappuzha, 2 ഡിസംബര്‍ (H.S.) ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ കളര്‍കോട് വാഹനാപകടം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ആറ് മെഡിക്കൽ വിദ്യാർത്ഥികളുടെ ജീവനാണ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് അവസാനിച്ചത്. ഒന്നാം ചരമ വാര്‍ഷികത്തില്‍ അവരുടെ ചിത്രങ്ങള്‍ ആല
Kalarkode accident


Alappuzha, 2 ഡിസംബര്‍ (H.S.)

ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ കളര്‍കോട് വാഹനാപകടം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ആറ് മെഡിക്കൽ വിദ്യാർത്ഥികളുടെ ജീവനാണ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് അവസാനിച്ചത്. ഒന്നാം ചരമ വാര്‍ഷികത്തില്‍ അവരുടെ ചിത്രങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ ഇന്ന് അനാഛാദനം ചെയ്യും.

2024 ഡിസംബര്‍ 2ന് രാത്രിയാണ് ആലപ്പുഴ ടൗണിലേക്ക് സിനിമ കാണാനെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥി സംഘം അപകടത്തില്‍പ്പെടുന്നത്. വാടകയ്ക്ക് എടുത്ത വാഹനം കനത്ത മഴയില്‍ നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഒരു വശം പൂര്‍ണമായും തകര്‍ന്ന വാഹനം കെഎസ്ആര്‍ടിസി ബസില്‍ നിന്ന് മാറ്റുമ്പോഴേക്കും 4 ജീവനുകള്‍ പൊലിഞ്ഞിരുന്നു. പിന്നീട് ആശുപത്രിയില്‍ വെച്ച് രണ്ട് പേര്‍ കൂടെ വിടപറഞ്ഞതോടെ മരണ സംഖ്യ ആറ് ആയി. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങള്‍ തോളിലേറ്റി വന്ന ആറ് യുവ ഡോക്ടര്‍മാര്‍ ആണ് അകാലത്തില്‍ പൊലിഞ്ഞു പോയത്.

ശ്രീ ദീപ് വല്‍സന്‍, മുഹമ്മദ് ഇബ്രാഹിം.പി.പി, മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍, ആയുഷ് ഷാജി, ദേവനന്ദന്‍.ബി, ആല്‍വിന്‍ ജോര്‍ജ് എന്നിവരാണ് നൊമ്പരമായി മാറിയത്. ഓര്‍മ്മകളിലെ മറക്കാനാവാത്ത ആ പുഞ്ചിരികള്‍ ഇന്നു മുതല്‍ മെഡിക്കല്‍ കോളജ് ലൈബ്രറി ഹാളില്‍ ഉണ്ടാകും. ആറ് പേരുടെയും ചിത്രങ്ങള്‍ ഇന്ന് അനാഛാദനം ചെയ്യും. അപകടത്തിന്റെ നീറുന്ന ഓര്‍മ്മകളിലും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാഴ്‌വാക്ക് മാത്രമായി. സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാളിതുവരെ സര്‍ക്കാര്‍ സഹായങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. ടി ഡി മെഡിക്കല്‍ കോളജിന് ചുറ്റുമതില്‍ വേണമെന്ന വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും ആവശ്യവും ഇപ്പോഴും ചുവപ്പ് നാടയില്‍ കുടുങ്ങി കിടക്കുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News