Enter your Email Address to subscribe to our newsletters

Thiruvananthapuram, 2 ഡിസംബര്‍ (H.S.)
തദ്ദേശ തിരഞ്ഞെടുപ്പിനായി വോട്ടിംഗ് മെഷീനുകളില്‍ ഡിസംബര്‍ 3 മുതല്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും. നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ബാലറ്റ് യൂണിറ്റുകള്‍ സജ്ജമാക്കുന്നത്. പഞ്ചായത്ത് തലത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകള്‍ക്കായി മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റുമാണ് സജ്ജമാക്കുന്നത്. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലത്തില്‍ ഒന്നു വീതം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റുമാണ് സെറ്റ് ചെയ്യുന്നത്.
ഓരോ തലത്തിലും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബലാണ് ബാലറ്റ് യൂണിറ്റില്‍ സജ്ജമാക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെയും പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലാണ് വോട്ടിങ് മെഷീനില്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്. ഗ്രാമ പഞ്ചായത്തിന്റെ ബാലറ്റ് ലേബല്‍ വെള്ള നിറത്തിലും, ബ്ലോക്ക് പഞ്ചായത്തിന്റേത് പിങ്ക് നിറത്തിലും, ജില്ലാ പഞ്ചായത്തിന്റേത് ഇളം നീല നിറത്തിലുമുള്ളതാണ്. നഗരസഭകളുടെ കാര്യത്തില്‍ വെള്ള നിറത്തിലുള്ള ബാലറ്റ് ലേബലുകളാണ് ഉപയോഗിക്കുന്നത്.
ഈ തദ്ദേശതിരഞ്ഞെടുപ്പില്‍ ഒരു നിയോജകമണ്ഡലത്തിലും 15 ല്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാനില്ലാത്തതിനാല്‍ എല്ലാ ബുത്തുകളിലും ഓരോ തലത്തിലും ഓരോ ബാലറ്റ് യൂണിറ്റ് മതിയാകും.കാന്‍ഡിഡേറ്റ് സെറ്റിംഗിന് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും മെഷീനുകളില്‍ മോക്ക്‌പോള്‍ നടത്തും. മോക്‌പോളിന്റെ ഫലം സന്നിഹിതരായിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും സ്ഥാനാര്‍ത്ഥികളേയും കാണിക്കും. തുടര്‍ന്ന് മോക്ക് പോള്‍ ഫലം ഡിലീറ്റ് ചെയ്ത് മെഷീനുകള്‍ സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിക്കും.
വോട്ടെടുപ്പിന്റെ തലേദിവസം മറ്റ് പോളിംഗ് സാധനങ്ങള്‍ക്കൊപ്പം മെഷീനുകളും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. വോട്ടെടുപ്പ് ദിവസം രാവിലെ 6 മണിക്ക് അതത് പോളിംഗ് സ്റ്റേഷനില്‍ വച്ച് ഹാജരുള്ള പോളിംഗ് ഏജന്റുമാരുടേയും സ്ഥാനാര്‍ത്ഥികളുടേയും സാന്നിദ്ധ്യത്തില്‍ മോക്ക് പോള്‍ നടത്തുും. തുടര്‍ന്ന് 7 മണി മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR