Enter your Email Address to subscribe to our newsletters

Thiruvananthapuram, 2 ഡിസംബര്‍ (H.S.)
രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം പുരോഗമിക്കവേ, എംഎല്‍എക്കെതിരെ മറ്റൊരു യുവതി കൂടി പരാതിയുമായി രംഗത്തെത്തി.
താൻ ക്രൂരമായ പീഡനത്തിന് ഇരയായതായി ബംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരി മുതിർന്ന കോണ്‍ഗ്രസ് നേതാക്കളെ രേഖാമൂലം അറിയിച്ചു. സോണിയാ ഗാന്ധി, കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവർക്കാണ് യുവതി ഇമെയില്‍ വഴി പരാതി നല്‍കിയിരിക്കുന്നത്.
വർഷങ്ങള്‍ക്ക് മുമ്ബ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ യുവതി പരാതി നല്‍കിയിട്ടുള്ളത്. മുമ്ബ് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നെങ്കിലും അന്ന് നിയമനടപടിക്ക് തയ്യാറല്ലെന്ന് യുവതി അറിയിച്ചിരുന്നു. എന്നാല്‍, പാർട്ടി നേതൃത്വത്തിന് മുമ്ബ് പരാതി നല്‍കിയിട്ടും ലഭിച്ചില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് ഇപ്പോള്‍ വീണ്ടും പരാതി നല്‍കിയിരിക്കുന്നത്. രാഹുലുമായി അടുത്ത ബന്ധമുള്ള പത്തനംതിട്ടയിലെ ഒരാളുടെ അറിവോടെയാണ് പീഡനം നടന്നതെന്നും, സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം മാനസികമായും ശാരീരികമായും തകർന്നുവെന്നും, ഗർഭിണിയാകണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. പീഡനത്തിന് ശേഷം രാഹുല്‍ ബന്ധത്തില്‍ നിന്നും പിന്മാറിയെന്നും യുവതി ആരോപിച്ചു.
പരാതി ലഭിച്ച കാര്യം കോണ്‍ഗ്രസ് നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12.47-നാണ് പരാതി ലഭിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ഇത്തരത്തിലുള്ള പരാതി പോലീസിനാണ് നല്‍കേണ്ടതെന്നും, പരാതിയില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് നിയമവിദഗ്ധരുമായി സംസാരിച്ച ശേഷം തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം, ആദ്യത്തെ ബലാത്സംഗ പരാതിയില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്-കർണാടക അതിർത്തിയിലെ ബാഗലൂരിലെ റിസോർട്ടിലാണ് രാഹുല്‍ ഒളിച്ചു താമസിച്ചതെന്നാണ് പുതിയ റിപ്പോർട്ടുകള്‍. എന്നാല്‍ പോലീസ് എത്തുന്നതിനുമുമ്ബ് രാഹുല്‍ അവിടുന്ന് മുങ്ങിയിരുന്നു. ഞായറാഴ്ച റിസോർട്ടിലെത്തിയ രാഹുല്‍ തുടർന്ന് കർണാടകയിലേക്ക് കടന്നെന്നാണ് സൂചന. ഒളിവിലിരിക്കെ രാഹുല്‍ കാറുകള്‍ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. കേസില്‍ രണ്ടാം പ്രതിയായ ജോബി ജോസഫും രാഹുലിനൊപ്പമുണ്ടെന്നാണ് വിവരം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR