Enter your Email Address to subscribe to our newsletters

Trivandrum , 2 ഡിസംബര്‍ (H.S.)
തിരുവനന്തപുരം: ബ്രഹ്‌മോസിന്റെ അത്യാധുനിക മിസൈൽ നിർമാണ കേന്ദ്രം കേരളത്തിൽ നിർമ്മിക്കാൻ അനുമതി നൽകി സുപ്രീംകോടതി. ജസ്റ്റിസ് വിക്രം നാഥിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് കാട്ടാക്കട നെട്ടുകാൽതേരി തുറന്ന ജയിലിൽ ബ്രഹ്‌മോസിന്റെ അത്യാധുനിക മിസൈൽ നിർമാണ കേന്ദ്രത്തിന് അനുമതി നൽകിയത്. ജയിലുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ കൈമാറുന്നതിന് സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്. അതിനാൽ സംസ്ഥാനം ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ബ്രഹ്‌മോസിന് മിസൈൽ നിർമാണ കേന്ദ്രം സ്ഥാപിക്കുന്നതിനൊപ്പം ഇവിടെ നാഷണൽ ഫോറൻസിക് സയൻസ് ലബോറട്ടറി സ്ഥാപിക്കാൻ 32 ഏക്കർ സ്ഥലം നൽകുന്നതിനും സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്. ഇതോടൊപ്പം സശസ്‌ത്ര് സീമാ ബല്ലിന് ബറ്റാലിയൻ (എസ്എസ്‌ബി) ഹെഡ്ക്വാർട്ടേഴ്‌സ് നിർമിക്കാനും കാട്ടാക്കടയിൽ 45 ഏക്കർ സ്ഥലം അനുവദിക്കാനും സുപ്രീംകോടതി അനുമതി നൽകിയിരിക്കുകയാണ്. തുറന്ന ജയിലിലെ 457 ഏക്കർ ഭൂമിയിൽ 257 ഏക്കറാണ് മൂന്ന് വികസന പദ്ധതിക്കായി നൽകുന്നത്.
ബ്രഹ്‌മോസ് മിസൈൽ നിർമ്മാണ കേന്ദ്രത്തിൽ തന്ത്രപ്രധാനമായ ഹാർഡ്‌വെയറും ഇവിടെ നിർമ്മിക്കും. ബ്രഹ്‌മോസ് മിസൈൽ യൂണിറ്റിന് സ്ഥലം നൽകണമെന്ന് ഡിആർഡിഒ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറിയ്‌ക്കാണ് അന്ന് കത്ത് നൽകിയത്. സശസ്‌ത്ര സീമാ ബലും ഇതിനായി ഏറെനാളായി ആവശ്യം ഉന്നയിച്ചിരുന്നു.
---------------
Hindusthan Samachar / Roshith K