Enter your Email Address to subscribe to our newsletters

Newdelhi , 2 ഡിസംബര്‍ (H.S.)
ദില്ലി: ഫോണുകളിൽ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് ബിജെപി. ബിജെപി വക്താവ് സംബിത് പാത്ര വാര്‍ത്താസമ്മേളനം നടത്തിയാണ് സഞ്ചാര്‍ സാഥി ആപ്പ് സംബന്ധിച്ച വിവാദത്തിൽ പ്രതികരിച്ചത്. സഞ്ചാര്‍ സാഥി ആപ്പ് ചാരവൃത്തിക്കുള്ളതല്ലെന്നും ഇതിൽ രാഷ്ട്രീയ കലര്‍ത്തുന്നത് അനാവശ്യമാണെന്നും ബിജെപി സംബിത് പാത്ര പറഞ്ഞു. സഞ്ചാര്‍ സാഥി ആപ്പിന് മേസേജുകള്‍ വായിക്കാനാകില്ല. ഫോണ്‍ കോളുകള്‍ കേള്‍ക്കാനാകുമാകില്ല. സഞ്ചാര്‍ സാഥി ആപ്പിന് വ്യക്തിപരമായ വിവരങ്ങള്‍ എടുക്കാനുമാകില്ല. സുരക്ഷ ഉറപ്പാക്കാനും വ്യാജന്മാരെ തടയാനുമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. നഷ്ടപ്പെട്ട ഫോണുകള്‍ ഉടമകള്‍ക്ക് തിരിച്ചു ലഭിക്കുന്നതിനും ആപ്പ് സഹായകമാകും. ആരുടെ മനസിലാണോ കള്ളത്തരമുള്ളത് അവർ സഞ്ചാർ സാഥി ആപ്പ് ഉപയോഗിക്കില്ലെന്നും സംബിത് പാത്ര പറഞ്ഞു.
സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ കേന്ദ്ര നടപടിയെ പിന്തുണച്ച് നേരത്തെ ബിജെപി എംപി ശശാങ്ക് മണിയും പ്രതികരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപടി സൈബര്‍ സുരക്ഷ ശക്തമാക്കുമെന്നും സ്വകാര്യതയ്ക്ക് ഒരു ഭീഷണിയും ആപ്പ് ഉയര്‍ത്തുന്നില്ലെന്നും പുറത്തുനിന്നുള്ള ആപ്പുകളാണ് യഥാര്‍ത്ഥത്തിൽ ഭീഷണിയെന്നും സ്വദേശി ആപ്പുകള്‍ക്ക് മുൻഗണന നൽകണമെന്നും എംപി പ്രതികരിച്ചിരുന്നു.
---------------
Hindusthan Samachar / Roshith K