Enter your Email Address to subscribe to our newsletters

Thiruvanathapuram, 2 ഡിസംബര്‍ (H.S.)
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ ആക്രമിച്ചെന്ന കേസില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെയും ഭര്‍ത്താവും ബാലുശ്ശേരി എംഎല്‍എയുമായ സച്ചിന്‍ ദേവിനേയും ആര്യയുടെ സഹോദരന്‍ അരവിന്ദിന്റെ ഭാര്യ ആര്യയെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മേയറുടെ സഹോദരന്‍ അരവിന്ദ് മാത്രമാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. മേയറെ പ്രതി ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് യദു വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയറും ഭര്‍ത്താവും ബന്ധുക്കളും ഡ്രൈവര്‍ക്കെതിരെ തട്ടികയറിയത്. സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യദു അശ്ലീല ആഗ്യം കാട്ടിയെന്ന ആരോപണം സിപിഎം നേതാക്കളായ ദമ്പതികള്‍ ഉയര്‍ത്തി. ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ യദു പോലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ ജോലി തടസ്സപ്പെടുത്തി, ആക്രമിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാല്‍, ബസ് തടഞ്ഞത് യാദൃച്ഛികമായാണെന്നും ഡ്രൈവറാണ് മോശമായി സംസാരിച്ചതെന്നുമാണ് മേയര്‍ പോലീസിന് മൊഴി നല്‍കി
ഈ സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഡ്രൈവര്‍ യദുവിന് നേരെ മേയര്‍ ഭീഷണി മുഴക്കി എന്നതായിരുന്നു പ്രധാന ആരോപണം. തര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഡ്രൈവറെ തടഞ്ഞ സംഭവത്തില്‍ മേയര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നു. അതേസമയം യദുവിനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. മേയര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യദുവിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുക. മേയറേയും മറ്റുള്ളവരെയും അശ്ലില ആംഗ്യം കാണിച്ചുവെന്ന പരാതിയില്‍ മ്യൂസിയം പോലീസാണ് കുറ്റപത്രം നല്‍കുക.
---------------
Hindusthan Samachar / Sreejith S