Enter your Email Address to subscribe to our newsletters

New delhi, 2 ഡിസംബര്‍ (H.S.)
സ്മാര്‍ട്ട്‌ഫോണുകളില്‍ സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തി 'സഞ്ചാര്‍ സാഥി' ആപ്പ് ഇന്‍ബില്‍റ്റായി ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. 'സഞ്ചാര്‍ സാഥി' ആപ്പ് ഉപഭോക്താക്കളുടെ ഫോണുകളില്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ടെലികമ്യൂണിക്കേഷന്‍ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
എല്ലാ ഫോണുകളിലും നിര്‍ബന്ധമായും മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ മൊബൈല്‍ നിര്‍മാണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും സഞ്ചാര്‍ സാഥി ആപ്പ് ഉപയോക്താവിന് ഡിലീറ്റ് ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ദേശം സ്വകാര്യത സംബന്ധിച്ച ആശങ്കകള്‍ക്ക് തിരികൊളുത്തിയ പശ്ചാത്തലത്തിലാണ് അദ്ദേഹം വിശദീകരണവുമായയെത്തിയത്.
'രാജ്യത്ത് വില്‍ക്കുന്ന ഫോണുകളുടെ ആധികാരികത പരിശോധിക്കുന്നതിനും ഫോണ്‍ നഷ്ടപ്പെട്ടാല്‍ ട്രാക്ക് ചെയ്യുന്നതിനും വേണ്ടിയുള്ള ഒരു മാര്‍ഗമായാണ് സര്‍ക്കാര്‍ ഈ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ആളുകളുടെ സുരക്ഷിതത്വബോധം വര്‍ധിപ്പിക്കും. ജനങ്ങളുടെ ഡാറ്റ സുരക്ഷിതമായിരിക്കും, കൂടാതെ ഉറപ്പാക്കേണ്ട പൗരസംരക്ഷണത്തിന്റെ എല്ലാ വശങ്ങളും ഡിജിറ്റലായി സംരക്ഷിക്കപ്പെടും', അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ 'സഞ്ചാര്‍ സാഥി' ആപ്പ് ഇന്‍ബില്‍റ്റായി ഉള്‍പ്പെടുത്താന്‍ കേന്ദ്രം മൊബൈല്‍ നിര്‍മാണക്കമ്പനികള്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഈ ആപ്പ് ഉപഭോക്താക്കള്‍ ഡിലീറ്റ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന നിര്‍ദേശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S