Enter your Email Address to subscribe to our newsletters

New delhi, 2 ഡിസംബര്‍ (H.S.)
എസ്‌ഐആര്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ചര്‍ച്ച വേണമെന്ന് നിലപാടില്‍ ഉറച്ച് പ്രതിപക്ഷം. ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധിച്ചു. രാജ്യസഭയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ നോട്ടിസ് ചെയര്‍മാന്‍ സി.പി.രാധാകൃഷ്ണന്‍ തള്ളി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും ഉച്ചക്ക് 2 മണിവരെ നിര്‍ത്തിവച്ചു.
എസ്‌ഐആര്‍ ജോലി ചെയ്യുന്ന നിരവധി ബിഎല്‍ഒമാര്‍ മരിച്ചെന്നും, അടിയന്തര സാഹചര്യമാണെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ സഭയില്‍ പറഞ്ഞു. ഇന്നു തന്നെ ചര്‍ച്ച വേണമെന്നും ഖര്‍ഗെ ആവശ്യപ്പെട്ടു. എസ്‌ഐആറില്‍ ചര്‍ച്ച നടക്കുമെന്നും പ്രതിപക്ഷ നേതാക്കളുമായി ഉടനെ ചര്‍ച്ച നടത്താമെന്നും രാജ്യസഭാ നേതാവായ ജെ.പി.നഡ്ഡ പറഞ്ഞു. എന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചര്‍ച്ച നടത്താനാകില്ലെന്നും വിവരങ്ങള്‍ ശേഖരിക്കണമെന്നുമാണ് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞത്. രാജ്യത്ത് മറ്റു വിഷയങ്ങളുമുണ്ടെന്നും ബിഹാറിലെ തോല്‍വിയുടെ ദേഷ്യം പാര്‍ലമെന്റില്‍ തീര്‍ക്കരുതെന്നും റിജിജു പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം ബഹളം തുടര്‍ന്നപ്പോള്‍, ഇന്നോ നാളെയോ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്താമെന്ന് രാജ്യസഭാ ചെയര്‍മാന്‍ സി.പി.രാധാകൃഷ്ണന്‍ വ്യക്തമാക്കുകയായിരുന്നു. സഭാ നടപടികളോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
പിന്നാലെ എസ്‌ഐആറില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിച്ചു. എസ്‌ഐആര്‍ അവസാനിപ്പിക്കുക, വോട്ടു ചോരി അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുള്ള ബാനറുകളുമായായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഡിഎംകെ നേതാവ് കനിമൊഴി, ടി.ആര്‍. ബാലു അടക്കമുള്ള നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S