ഡല്‍ഹി നഗരത്തിലെ വായുമലിനീകരണം ഗുരുതരമായതോടെ അടിയന്തിര നടപടി; നഗരത്തിലെ ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും വഴിയോര കച്ചവടങ്ങളിലുമെല്ലാം തന്തൂരി അടുപ്പുകള്‍ നിരോധിച്ചു
Delhi, 20 ഡിസംബര്‍ (H.S.) ഡല്‍ഹി നഗരത്തിലെ വായുമലിനീകരണം ഗുരുതരമായതോടെ പുതിയ നീക്കവുമായി സർക്കാർ. നഗരത്തിലെ ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും വഴിയോര കച്ചവടങ്ങളിലുമെല്ലാം തന്തൂരി അടുപ്പുകള്‍ നിരോധിച്ചു. കല്‍ക്കരിയോ വിറകോ ഉപയോഗിക്കുന്ന തന്തൂരി അടുപ്
Air pollution


Delhi, 20 ഡിസംബര്‍ (H.S.)

ഡല്‍ഹി നഗരത്തിലെ വായുമലിനീകരണം ഗുരുതരമായതോടെ പുതിയ നീക്കവുമായി സർക്കാർ. നഗരത്തിലെ ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും വഴിയോര കച്ചവടങ്ങളിലുമെല്ലാം തന്തൂരി അടുപ്പുകള്‍ നിരോധിച്ചു.

കല്‍ക്കരിയോ വിറകോ ഉപയോഗിക്കുന്ന തന്തൂരി അടുപ്പുകള്‍ വായു മലിനീകരണത്തില്‍ വലിയ പങ്കു വഹിക്കുന്നതിനാലാണ് ഇവ ഉപയോഗിക്കുന്നത് ഡല്‍ഹി പൊലൂഷൻ കണ്‍ട്രോള്‍ കമ്മിറ്റി നിരോധിച്ചിരിക്കുന്നത്.

നിരോധനം വന്നതോടെ നഗരത്തിലെ മുഴുവൻ വാണിജ്യ സ്ഥാപനങ്ങളും പാചകത്തിനായി ഇലക്‌ട്രിക്, ഗ്യാസ് അല്ലെങ്കില്‍ മറ്റ് മലിനീകരണമില്ലാത്ത ഇന്ധനങ്ങളിലേക്ക് മാറണമെന്ന് സർക്കാർ നിർദ്ദേശിച്ചു. തന്തൂരി വിഭവങ്ങളുടെ തനതായ രുചിക്ക് കാരണം കല്‍ക്കരിയോ വിറകോ ഉപയോഗിച്ച്‌ കത്തുന്ന വലിയ മണ്‍അടുപ്പുകളാണ്. എന്നാല്‍ ഇതില്‍ നിന്ന് പുറത്തുവരുന്ന പുകയും വാതകങ്ങളും വായു മലിനീകരണത്തില്‍ വലിയ പങ്ക് വഹിക്കുന്നു.

ഡല്‍ഹി പോലെ ശൈത്യകാലമുള്ള നഗരങ്ങളില്‍ ഈ പുകയും ചാരവും വായുവിലെ മഞ്ഞുമായി ചേർന്ന് 'സ്മോഗ്' ഉണ്ടാക്കുന്നു. ഇത് കാഴ്ച മറയ്ക്കാനും ശ്വാസകോശ രോഗങ്ങള്‍ക്കും കാരണമാകുന്നു.

ഇതിനോടകം തന്നെ നഗരത്തിലെ മുനിസിപ്പല്‍ ഏജൻസികള്‍ക്ക് ഹോട്ടലുകളില്‍ പരിശോധന നടത്താനും കല്‍ക്കരി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനും അധികൃതര്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

2025 ഡിസംബർ പകുതിയോടെ പുറത്തുവന്ന റിപ്പോർട്ടുകള്‍ പ്രകാരം, നഗരത്തിന്റെ പല ഭാഗങ്ങളിലും AQI 400ന് മുകളില്‍ രേഖപ്പെടുത്തിയതോടെയാണ് ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷൻ പ്ലാൻ പ്രകാരമുള്ള നാലാം ഘട്ട നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയത്. സാധാരണഗതിയില്‍ AQI 0-50 വരെയാണ് 'നല്ലത്' ആയി കണക്കാക്കുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ ഇത് അനുവദനീയമായ അളവിനേക്കാള്‍ 8 മുതല്‍ 10 മടങ്ങ് വരെ കൂടുതലാണ്. വായുനിലവാരം 'സിവിയർ പ്ലസ്' വിഭാഗത്തില്‍ എത്തിയതോടെ തുറസായ സ്ഥലങ്ങളില്‍ മാലിന്യമോ മറ്റ് വസ്തുക്കളോ കത്തിക്കുന്നതിനും കർശന വിലക്കുണ്ട്.

ഇതുകാരണം, തന്തൂരി വിഭവങ്ങളുടെ തനതായ രുചി നഷ്ടപ്പെടുമെന്ന ആശങ്ക കച്ചവടക്കാർക്കുണ്ടെങ്കിലും, നഗരത്തിലെ ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം. നിരോധനം ലംഘിക്കുന്നവർക്കെതിരെ കടുത്ത പിഴയും നിയമനടപടികളും ഉണ്ടാകുമെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി സർക്കാർ ഓഫീസുകളില്‍ പകുതി ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. അതേപോലെ, ബിഎസ്-3 പെട്രോള്‍, ബിഎസ്-4 ഡീസല്‍ വാഹനങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

മലിനീകരണം കാരണം ഭക്ഷണത്തിന്‌ നിയന്ത്രണം ഇതാദ്യമല്ല

മലിനീകരണം കാരണം പാചകരീതികളിലോ ഭക്ഷണശാലകളിലോ നിയന്ത്രണം ഏർപ്പെടുത്തിയ ചരിത്രം ലോകത്ത് പലയിടത്തുമുണ്ട്. 2015 ല്‍ ഇറ്റലിയിലെ സാൻ വിറ്റാലിയാനോ എന്ന സ്ഥലത്ത് വായു മലിനീകരണം കൂടിയപ്പോള്‍ വിറക് ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന പിസ്സ ഓവനുകള്‍ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. പ്രത്യേക ഫില്‍ട്ടറുകള്‍ വെക്കാതെ ഇത്തരം അടുപ്പുകള്‍ ഉപയോഗിക്കരുതെന്നായിരുന്നു നിയമം.

അതേപോലെ, ദക്ഷിണ കൊറിയയിലെ സോള്‍ നഗരത്തില്‍ വായു മലിനീകരണം കൂടുമ്ബോള്‍ വൻതോതില്‍ പുകയുണ്ടാക്കുന്ന കൊറിയൻ ബാർബിക്യൂ റെസ്റ്റോറന്റുകള്‍ക്ക് കർശനമായ നിയന്ത്രണങ്ങള്‍ നല്‍കാറുണ്ട്. പുക പുറത്തുവിടുന്നതിന് മുൻപ് അത് ശുദ്ധീകരിക്കാനുള്ള സംവിധാനം ഇവർക്ക് നിർബന്ധമാണ്.

1956 ലെ ഗ്രേറ്റ് സ്മോഗിന് ശേഷം ലണ്ടനില്‍ വിറകും കല്‍ക്കരിയും ഉപയോഗിക്കുന്ന അടുപ്പുകള്‍ക്ക് കർശന നിയന്ത്രണമുണ്ട്. വീടുകളിലെ ഫയർപ്ലേസുകളില്‍ പോലും മലിനീകരണം കുറഞ്ഞ ഇന്ധനങ്ങള്‍ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ.

കാലിഫോർണിയയിലെ പല നഗരങ്ങളിലും വലിയ റെസ്റ്റോറന്റുകളില്‍ മാംസം ചുട്ടെടുക്കുന്ന ചാർബ്രോയിലറുകള്‍ക്ക് പ്രത്യേക നിയന്ത്രണമുണ്ട്. വായുവിലേക്ക് കലരുന്ന കൊഴുപ്പും പുകയും കുറയ്ക്കാൻ ഇവർ പ്രത്യേക എമിഷൻ കണ്‍ട്രോള്‍ മെഷീനുകള്‍ വെക്കണം എന്നാണ് നിയമം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News