Enter your Email Address to subscribe to our newsletters

Thiruvananthapuram, 20 ഡിസംബര്‍ (H.S.)
ശബരിമല സ്വർണക്കൊള്ളയിൽ നിർണാക മൊഴി രേഖപ്പെടുത്തി അന്വേഷണസംഘം. ഉണ്ണികൃഷ്ണ പോറ്റിക്ക് ഒന്നരക്കോടി നൽകിയെന്ന് ഇന്നലെ അറസ്റ്റ് ചെയ്ത ഗോവർധൻ മൊഴി നൽകി. പോറ്റിക്ക് തുക കൈമാറിയത് തെളിയിക്കുന്ന രേഖകൾ ഗോവർധൻ അന്വേഷണസംഘത്തിന് കൈമാറി.
ഇന്നലെയാണ് അന്വേഷണസംഘം ബെല്ലാരിയിലെ സ്വർണ വ്യാപാരിയായ ഗോവർധനൻ്റെയും, സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണക്കൊള്ളയിൽ കമ്പനിയുടെ പങ്ക് തെളിഞ്ഞതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതിയുടെ കടുത്ത വിമർശനത്തിന് പിന്നാലെ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് എസ്ഐടി അറിയിക്കുന്നത്. അന്വേഷണത്തിൻ്റെ ഭാഗമായി കൂടുതൽ പേരെ നിരീക്ഷിക്കാനും ആവശ്യാനുസരണം കസ്റ്റഡിയിലെടുക്കാനുമാണ് എസ്ഐടി നിലവിൽ തീരുമാനിച്ചിട്ടുള്ളത്.
കേസിൽ ഉന്നതരുടെ പങ്ക് അന്വേഷിക്കുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രണ്ട് മുൻ ദേവസ്വം ബോർഡ് അംഗങ്ങളെ പ്രതിചേർക്കുന്നതിലും വൈകാതെ തീരുമാനം ഉണ്ടാകുമെന്നും അന്വേഷണസംഘം അറിയിച്ചു. വിജയകുമാറിനെയും കെ. പി. ശങ്കർദാസിനെയും പ്രതി ചേർക്കുന്നതിനെ കുറിച്ചുള്ള തീരുമാനമാണ് വൈകാതെ അറിയിക്കുക എന്നും അവർ കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR