Enter your Email Address to subscribe to our newsletters

Chennai, 20 ഡിസംബര്‍ (H.S.)
നടന്‍ ശ്രീനിവാസന്റെ വിയോഗം ഞെട്ടിക്കുന്നതെന്ന് തെന്നിന്ത്യന്‍ താരം രജനികാന്ത്. തന്റെ സുഹൃത്തും സഹപാഠിയുമാണ് ശ്രീനിവാസന്‍ എന്നും രജനികാന്ത് പറഞ്ഞു.
'എന്റെ സുഹൃത്ത് ശ്രീനിവാസന്റെ വിയോഗം ഞെട്ടിക്കുന്നതാണ്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്റെ സഹപാഠിയായിരുന്നു. മികച്ച നടനും നല്ല മനുഷ്യനുമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ,' രജനികാന്ത് പറഞ്ഞു.
ഇരുവരും എംജിആര്‍ ഗവണ്‍മെന്റ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരേ കാലഘട്ടത്തിലാണ് പഠിച്ചത്.
ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്ന ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. പെട്ടെന്ന് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സത്യന്‍ അന്തിക്കാട് സിനിമകളിലെ മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോംബോ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായാണ് വിലയിരുത്തുന്നത്. 'സന്മനസുള്ളവര്‍ക്ക് സമാധാനം' (1986) എന്ന ചിത്രത്തിലൂടെ സത്യന്‍ അന്തിക്കാട് ആണ് ഈ കൂട്ടുകെട്ടിലെ മാജിക്ക് കണ്ടെത്തുന്നത്. പിന്നീടങ്ങോട്ട് നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ, മിഥുനം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചിത്രം, പവിത്രം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചു. ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത 'ഒരു നാള്‍ വരും' (2010) എന്ന ചിത്രത്തിലാണ് അവസാനമായി ഇരുവരും സ്‌ക്രീനില്‍ ഒരുമിച്ച് എത്തിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR