മലയാള സിനിമയുടെ സകലകലാ വല്ലഭൻ; നടനും സംവിധായകയും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ
Kerala, 20 ഡിസംബര്‍ (H.S.) കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം . ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. 48 വർഷം
മലയാള സിനിമയുടെ സകലകലാ വല്ലഭൻ; നടനും സംവിധായകയും തിരക്കഥാകൃത്തുമായ  ശ്രീനിവാസൻ അന്തരിച്ചു


Kerala, 20 ഡിസംബര്‍ (H.S.)

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം . ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. 48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്.

1956 ഏപ്രിൽ 4 ന് തലശേരിക്കടുത്തുള്ള പാട്യത്തായിരുന്നു ജനനം. കതിരൂർ ഗവ സ്കൂളിലും പഴശ്ശിരാജ എൻഎസ്എസ് കോളജിലുമാണ് പഠിച്ചത്. പിന്നീട് മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടി.

കണ്ണൂരിലെ കൂത്തുപറമ്പിനടുത്തുള്ള പാട്യം എന്ന ഗ്രാമത്തിൽ, അധ്യാപകനും കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്ന ഉണ്ണിയുടെയും ലക്ഷ്മിയുടെയും മകനായി 1956ൽ ജനിച്ച ശ്രീനിവാസൻ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം, 1977-ൽ മദ്രാസ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയത്തിൽ ഡിപ്ലോമ നേടി. പ്രശസ്ത നടൻ രജനികാന്ത് അവിടെ ശ്രീനിവാസന്റെ സഹപാഠിയായിരുന്നു.

ഒരേസമയം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് അദ്ദേഹം. അവനവനിലേക്ക് തിരിച്ചു വച്ച കണ്ണാടികളായിരുന്നു അദ്ദേഹത്തിന്റെ ഓരോ സിനിമയും. സ്വയം വിമർശനത്തിലൂടെ മലയാളിയുടെ സഹജമായ ദൗർബല്യങ്ങളെയും രാഷ്ട്രീയ പാർട്ടികളുടെ കാപട്യങ്ങളെയും ഇരട്ടത്താപ്പിനെയും ദയയില്ലാതെ വിമർശിച്ച ശക്തനായ ഒരു എഴുത്തുകാരനായിരുന്നു അദ്ദേഹം.

മലയാള സിനിമയിലെ പകരം വയ്ക്കാനാകാത്ത പ്രതിഭയായിരുന്നു ശ്രീനിവാസൻ. അഭിനയവും, തിരക്കഥയും സംവിധാനവും ഒരു പക്ഷെ ചെയ്ത നിരവധി പേർ ഉണ്ടാകാമെങ്കിലും അതിലൊക്കെയും ഒന്നിനൊന്ന് മെച്ചമെന്ന നിലയിൽ കലാസൃഷ്ടികൾ കൊണ്ടുവന്ന ആരും ശ്രീനിവാസനെ പോലെ ഉണ്ടാവുകയില്ല.

1977-ൽ പി എ ബക്കർ സം‌വിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രം‌ഗത്തേക്ക് പ്രവേശിച്ചത്. 1984ൽ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങി ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമകൾ ഏറെ ജനപ്രീതി നേടി. വിമലയാണ് ഭാര്യ. മക്കൾ: വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ.

പൂച്ചയ്ക്കൊരു മൂക്കുത്തിയാണ് ആദ്യ തിരക്കഥ. പ്രിയദർശനുമായി ചേർന്ന് ഹാസ്യത്തിന് മുൻതൂക്കം നൽകിയ ഒരുക്കിയ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു.സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ, 2018 ഡിസംബറിൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരകഥ എഴുതിയ ചിത്രം.

1991ൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യചിത്രമായ സന്ദേശം കേരളത്തിന്റെ രാഷ്ട്രീയസാമൂഹ്യമണ്ഡലങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്നു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ സംസ്ഥാന,ദേശീയ പുരസ്കാരങ്ങൾ നേടി

---------------

Hindusthan Samachar / Roshith K


Latest News