Enter your Email Address to subscribe to our newsletters

New delhi, 20 ഡിസംബര്‍ (H.S.)
ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെതിരെ നടപടി. ക്യാപ്റ്റന്‍ വീരേന്ദര്‍ സെജ്വാളിനെ കമ്പനി അന്വേഷണവിധേയമായി ജോലിയില്‍ നിന്നും നീക്കി. സംഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അങ്കിത് ദിവാന്‍ എന്ന യാത്രക്കാരന്‍ പരാതി ഉന്നയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വെള്ളിയാഴ്ചയായിരുന്നു സംഭവം. അങ്കിത് ദിവാനും കുടുംബവും നാല് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം സ്പൈസ്ജെറ്റ് വിമാനത്തില്‍ യാത്ര ചെയ്യാനായി സെക്യൂരിറ്റി ചെക്ക് പോയിന്റില്‍ എത്തിയതായിരുന്നു. കുഞ്ഞുള്ളതിനാല്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ അവരെ ജീവനക്കാര്‍ക്കുള്ള ക്യൂവിലേക്ക് വിട്ടു. എന്നാല്‍ അവിടെയുണ്ടായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റായ വീരേന്ദര്‍ സെജ്വാള്‍ ഇതിനെ ചോദ്യം ചെയ്തു.
ക്യൂ തെറ്റിച്ചുവെന്ന് ആരോപിച്ച് പൈലറ്റ് അങ്കിതിനെ അധിക്ഷേപിച്ചു. ഇത് വാക്കുതര്‍ക്കത്തിലേക്ക് നീങ്ങുകയും തുടര്‍ന്ന് പൈലറ്റ് അങ്കിതിനെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ അങ്കിതിന്റെ മുഖത്ത് രക്തം ഒലിക്കുന്ന നിലയിലായിരുന്നു. ഭാര്യയ്ക്കും മക്കള്‍ക്കും മുന്നിലിട്ടായിരുന്നു ഈ ക്രൂരതയെന്ന് അങ്കിത് എക്‌സില്‍ കുറിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു. തന്റെ മകള്‍ ഇന്നും ആ ഭയത്തില്‍ നിന്നും മോചിതയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ജീവനക്കാരന്റെ ഭാഗത്തുനിന്നുണ്ടായ ഈ പെരുമാറ്റത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപലപിച്ചു. പൈലറ്റിനെ നിലവില്‍ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കുകയാണെന്നും ആഭ്യന്തര അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു. ഇന്‍ഡിഗോ വിമാനത്തില്‍ ബംഗളൂരുവിലേക്ക് പോകാനായി എത്തിയതായിരുന്നു പൈലറ്റ് വീരേന്ദര്‍ സെജ്വാള്‍.
---------------
Hindusthan Samachar / Sreejith S