Enter your Email Address to subscribe to our newsletters

Kerala, 20 ഡിസംബര്‍ (H.S.)
കൊച്ചി: ബൈക്ക് ഓടിക്കുന്നതിനിടെ തേങ്ങ തലയിൽ വീണ് വാഹനത്തിന്റെ നിയന്ത്രണം വിട്ട് യുവാവിന് ദാരുണാന്ത്യം. കൂത്താട്ടുകുളത്താണ് സംഭവം. ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേയ്ക്ക് വീഴുകയായിരുന്നു. പാലക്കുഴ തോലാനി കുന്നേൽ താഴം സ്വദേശി സുധീഷ് (38) ആണ് മരിച്ചത്.
പാലക്കുഴയിൽ നിന്ന് കൂത്താട്ടുകുളത്തേയ്ക്ക് പോകുന്നതിനിടെ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. സോഫിയ കവലയിൽ വച്ചാണ് സുധീഷിന്റെ തലയിൽ തേങ്ങ വീണത്. ഇതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം ഉൾപ്പെടെ റോഡിന്റെ വശത്തെ താഴ്‌ചയിലേയ്ക്ക് മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ സുധീഷിനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ചികിത്സയിൽ കഴിയവേ വെള്ളിയാഴ്‌ച വൈകിട്ടാണ് മരിച്ചത്.പാലക്കുഴയിൽ വർക്ക്‌ഷോപ്പ് നടത്തുകയായിരുന്നു സുധീഷ്. ഷോപ്പിലേക്കാവശ്യമായ പോളിഷിംഗ് സാധനങ്ങൾ എടുക്കുന്നതിനായി കൂത്താട്ടുകുളത്തേയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
പിതാവ്: സോമശേഖരൻ. മാതാവ്: രമണി. ഭാര്യ: സൂര്യ. മക്കൾ: ശ്രീദേവ്, ശ്രീഹരി (കൂത്താട്ടുകുളം ഗവ. യുപി സ്‌കൂൾ വിദ്യാർത്ഥികൾ)
---------------
Hindusthan Samachar / Roshith K