Enter your Email Address to subscribe to our newsletters

Kochi, 20 ഡിസംബര്‍ (H.S.)
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ സിഐ ആയിരുന്ന പ്രതാപചന്ദ്രൻ കടുത്ത നടപടിക്ക് ആഭ്യന്തരവകുപ്പ്. പിരിച്ചുവിടലും ആനുകൂല്യങ്ങൾ വെട്ടിക്കളയലും അടക്കം പരിഗണനയിൽ ഉണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. സസ്പെൻഷകാലാവധിക്ക് മുൻപ് നടപടിയെടുക്കാൻ എഡിജിപി എച്ച്. വെങ്കിടേഷ് സർക്കാരിന് ശുപാർശ നൽകും. കൂടാതെ സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥർക്ക് എതിരെയും നടപടിക്ക് സാധ്യതയുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.
2024 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. ഭർത്താവിനെ അകാരണമായി പിടിച്ചുവച്ചത് ചോദ്യം ചെയ്തതിനാണ് തന്നെ മർദിച്ചതെന്ന് പരാതിക്കാരി ഷൈമ പരാതിയിൽ പറയുന്നു. മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി കർശന നടപടിക്ക് നിർദേശം നൽകിയിരുന്നു. പ്രതാപചന്ദ്രനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു എന്നവിവരം കൂടി പുറത്തുവന്നിരുന്നു. യുവാവിനെ ലാത്തി കൊണ്ട് മർദിച്ചെന്നും യുവനടൻ സനൂപിൻ്റെ മുഖത്തടിച്ചതായും പരാതിയുണ്ട്.
പ്രതാപചന്ദ്രൻ തന്നെ അകാരണമായി മർദിച്ചുവെന്ന് റിനീഷ് പറഞ്ഞു. കാക്കനാട് സ്വദേശി എന്തിന് എറണാകുളം നോർത്തിൽ വന്നു എന്ന് ചോദിച്ചായിരുന്നു മർദനം. മൂന്ന് തവണ തുടർച്ചയായി മുഖത്തടിച്ചുവെന്നും റിനീഷ് പറഞ്ഞു. ആ സമയത്ത് പൊലീസുകാരോടാകമാനം സങ്കടവും ദേഷ്യവും തോന്നി. പരാതികൾ നിരവധി നൽകിയിട്ടും നടപടിഒന്നും ഉണ്ടായില്ലെന്നും റിനീഷ് വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടതിൽ സന്തോഷമുണ്ടെന്ന് ആക്രമണത്തിന് ഇരയായ ഷൈമോൾ പറഞ്ഞു. എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നിലവിലുള്ള നടപടിയിൽ സംതൃപ്തരല്ലെന്നും നിയമ പോരാട്ടം തുടരുമെന്നും ഷൈമോൾ പ്രതികരിച്ചു. രണ്ടു കുഞ്ഞുങ്ങളെ വലിച്ചെറിയാൻ ശ്രമിച്ചു എന്ന പൊലീസ് വാദം തെറ്റാണ്. കൂടുതൽ തെളിവുകൾ കയ്യിലുണ്ട്. അത് കോടതിയിൽ ഹാജരാക്കുമെന്നും, കോടതിയിൽ പ്രതാപചന്ദ്രനെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും ഷൈമോൾ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR