വസന്തോത്സവം പുഷ്പമേളയും ദീപാലങ്കാരവും ഡിസംബര്‍ 24 മുതല്‍ കനകക്കുന്നില്‍
Thiruvananthapuram, 21 ഡിസംബര്‍ (H.S.) ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതിനായി കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവം-2025’ ല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35000 പൂച്ചെടികള്‍ ഒരുക്കും. ടൂറിസം വകുപ്പും ജില്ലാ ടൂ
Flower show


Thiruvananthapuram, 21 ഡിസംബര്‍ (H.S.)

ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതിനായി കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവം-2025’ ല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35000 പൂച്ചെടികള്‍ ഒരുക്കും.

ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും (ഡിടിപിസി) ചേര്‍ന്നൊരുക്കുന്ന ഈ വര്‍ഷത്തെ വസന്തോത്സവം ഡിസംബര്‍ 24 മുതല്‍ ജനുവരി 4 വരെയാണ്.

മ്യൂസിയം-മൃഗശാല, നിയമസഭ, വെള്ളായണി കാര്‍ഷിക കോളേജ്, കാര്യവട്ടം കാമ്ബസ് ബോട്ടണി വിഭാഗം, വി.എസ്.എസ്.സി, പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍, ആയുര്‍വേദ റിസര്‍ച്ച്‌ സെന്‍റര്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളും വ്യക്തികളും നഴ്സറികളും വസന്തോത്സവത്തിലെ മത്സര വിഭാഗത്തില്‍ പങ്കെടുക്കും.

8000-ത്തില്‍ പരം ക്രിസാന്തെമം ചെടികള്‍ കൊണ്ട് ഒരുക്കുന്ന ക്രിസാന്തെമം ഫെസ്റ്റിവല്‍ ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണീയതയാണ്. കൂടാതെ ഡാലിയ, പെറ്റുനിയ, ജമന്തി, റോസ്, ഓര്‍ക്കിഡ്സ്, തെറ്റി ഇംപേഷ്യന്‍സ്, സീനിയ, ഡെയ്സി തുടങ്ങി പുഷ്പസസ്യങ്ങളും വസന്തോത്സവത്തില്‍ ഉണ്ടാകും.

വസന്തോത്സവത്തിനോട് അനുബന്ധിച്ച്‌ കനകക്കുന്ന് കൊട്ടാരത്തില്‍ പുഷ്പാലങ്കാര പ്രദര്‍ശനവും മത്സരവും ഒരുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിക്കുന്ന ഓര്‍ക്കിഡ്, ആന്തൂറിയം, ട്യൂലിപ്, ഏഷ്യറ്റിക് ലില്ലി തുടങ്ങി നിരവധി പുഷ്പങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പുഷ്പോത്സവത്തിന്റെയും ദീപാലങ്കാരങ്ങളുടെയും ഒരുക്കങ്ങള്‍ കനകക്കുന്ന് കൊട്ടാര വളപ്പില്‍ പുരോഗമിക്കുകയാണ്.

കുട്ടികള്‍, മുതിര്‍ന്നവര്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്കായി ഫ്ളവര്‍ അറേഞ്ച്മെന്‍റ്, വെജിറ്റബിള്‍ കാര്‍വിങ് തുടങ്ങിയ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് കനകക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന വസന്തോത്സവം ഓഫീസുമായി ബന്ധപ്പെടുക.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News