Enter your Email Address to subscribe to our newsletters

Idukki, 21 ഡിസംബര്‍ (H.S.)
ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെയും പഞ്ചായത്തിന്റെയും അനുമതി ഗ്ലാസ് ബ്രിഡ്ജിനില്ല. പ്രവർത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജില്ലാ പോലീസ് മേധാവിക്കും കൈമാറി.
ആനച്ചാല്‍ കാനാച്ചേരിയിലെ എല്‍സമ്മയുടെ ഭൂമിയിലാണ് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത്. 2 കോടി രൂപ ചെലവിട്ട് 35 മീറ്റർ നീളത്തിലാണ് പാലം. ഒരേ സമയം 40 പേർക്ക് കയറി നില്‍ക്കാം. ശനിയാഴ്ചയായിരുന്നു ഉദ്ഘാടനം.
ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് എന്ന പരസ്യം നല്‍കിയാണ് ആനച്ചാലില്‍ ഇന്നലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം ആരംഭിച്ചത്. നിർമാണ ഘട്ടത്തില്‍ തന്നെ പള്ളിവാസല്‍ പഞ്ചായത്തും റവന്യൂ വകുപ്പും സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. കഴിഞ്ഞ മാർച്ചില്‍ തന്നെ നിർമാണ പ്രവർത്തനങ്ങള്‍ നടത്താൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി നിർദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് മറികടന്നാണ് 20 അടി ഉയരത്തില്‍ ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്.
പള്ളിവാസല്‍ ഉള്‍പ്പെടെയുള്ള പ്രദേശം റെഡ് സോണില്‍ ഉള്‍പ്പെടുന്നതാണ്. ഇവിടെ ഇത്തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങള്‍ക്ക് അനുമതിയില്ലാത്തതാണ്. സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും അത് അവഗണിച്ചുകൊണ്ടുള്ള നിർമാണം ആണ് നടന്നതെന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
അനുമതിയില്ലാതെ മണ്ണ് നീക്കിയെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിർമാണം നടത്തിയെന്നും കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസറുടെ റിപ്പോർട്ടുമുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR