ശ്രീനിവാസന്റെ പേന സത്യന്‍ അന്തിക്കാട് ചിതയില്‍ സമര്‍പ്പിച്ചു തിരക്കഥാകൃത്തിനൊപ്പം ആ പേനയും അഗ്നിയിലേക്ക്
Ernakulam, 21 ഡിസംബര്‍ (H.S.) ധ്യാൻ ശ്രീനിവാസന്റെ ആഗ്രഹപ്രകാരം, ശ്രീനിവാസൻ എന്ന മഹാനടൻ ഉപയോഗിച്ച അതേ പേനയും കടലാസും സത്യൻ അന്തിക്കാടിന്റെ കൈകളിലെത്തി. അതില്‍ സത്യന്‍ അന്തിക്കാട് വിറയ്‌ക്കുന്ന കൈകളോടെ കുറിച്ചു: “എല്ലാവർക്കും എന്നും നന്മകള്‍ മാത്രം
Sathyan Anthikkadu


Ernakulam, 21 ഡിസംബര്‍ (H.S.)

ധ്യാൻ ശ്രീനിവാസന്റെ ആഗ്രഹപ്രകാരം, ശ്രീനിവാസൻ എന്ന മഹാനടൻ ഉപയോഗിച്ച അതേ പേനയും കടലാസും സത്യൻ അന്തിക്കാടിന്റെ കൈകളിലെത്തി.

അതില്‍ സത്യന്‍ അന്തിക്കാട് വിറയ്‌ക്കുന്ന കൈകളോടെ കുറിച്ചു: “എല്ലാവർക്കും എന്നും നന്മകള്‍ മാത്രം ഉണ്ടാവട്ടെ.”

ആ വരികള്‍ എഴുതിയ കടലാസും പേനയും തന്റെ പ്രിയ സുഹൃത്തിന്റെ മൃതദേഹത്തിന് മുകളില്‍ സമര്‍പ്പിച്ചു. കൂടെ പ്രാര്‍ത്ഥനാപൂര്‍വ്വം അല്‍പം തെച്ചിപ്പൂവും തുളസിയും.

അടുത്ത നിമിഷം അഗ്നി എടുക്കാനുള്ളതാണ് ആ മൃതദേഹവും അദ്ദേഹത്തെ അനശ്വരമാക്കിയ പേനയും. സത്യൻ അന്തിക്കാടിനേക്കാള്‍ മറ്റാര് അതിന് അർഹനാകാനാണ്? സ്വന്തം കുടുംബത്തേക്കാള്‍ കൂടുതല്‍ ശ്രീനിവാസൻ സമയം ചിലവഴിച്ചതും ഹൃദയം പങ്കുവെച്ചതും സത്യൻ അന്തിക്കാടിനൊപ്പമായിരുന്നു. ആ ആത്മബന്ധത്തിന് ഇതിലും വലിയൊരു യാത്രാമൊഴി നല്‍കാനില്ല.

അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസനൊപ്പം പ്രിയ സുഹൃത്തായ സത്യൻ അന്തിക്കാട് അവസാന നിമിഷം വരെയും ഉണ്ടായിരുന്നു.

തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് ചടങ്ങുകള്‍ നടന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചിതയില്‍ തീ കൊളുത്തിയ ശേഷം നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി ധ്യാൻ അച്ഛനെ അഭിവാദ്യം ചെയ്തു.

ലയാളക്കരയാകെ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ചു. കലാസാംസ്കാരിക രംഗത്തെ പ്രമുഖർ സംസ്കാര ചടങ്ങിലേക്കെത്തി. ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപ്തരിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. ടൗണ്‍ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധിപ്പേരെത്തിയിരുന്നു.

48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. സാധാരണക്കാരുടെ പ്രശ്നങ്ങളെ ചിരിയുടെ മേമ്ബൊടിയോടെ അവതരിപ്പിക്കാൻ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു. ഗാന്ധിനഗർ സെക്കന്‍റ് സ്ട്രീറ്റും നാടോടിക്കാറ്റും ടിപി ഗോപാലഗോപാലൻ എംഎയും സന്ദേശവും വടക്കുനോക്കിയന്ത്രവും തലയണമന്ത്രവും ഒന്നും മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്കാരവും ലഭിച്ചു. മലയാളിയുടെ, സിനിമാ പ്രേമികളുടെ മനസില്‍ ശ്രീനിവാസന് മരണമില്ല.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News