Enter your Email Address to subscribe to our newsletters

Wayanad, 21 ഡിസംബര്‍ (H.S.)
വയനാട് പുല്‍പ്പള്ളിയില്‍ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട കൂമന്‍ മാരന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം ഇന്നത്തേക്ക് മാറ്റിയത്.
വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ കുടുംബത്തെ അറിയിച്ചില്ലെന്നാണ് പരാതി. ബന്ധുക്കള്‍ എത്തിയ ശേഷം മാത്രമേ ഇന്ന് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിക്കുകയുള്ളു.
വണ്ടിക്കടവ് കന്നാരം പുഴയുടെ ഓരത്തുനിന്ന് വിറക് ശേഖരിക്കാന്‍ എത്തിയതായിരുന്നു കൂമന്‍ മാരനും സഹോദരി കുള്ളിയും. വനാതിര്‍ത്തില്‍ നിന്ന് കടുവ കൂമനെ വലിച്ചിഴച്ച് മുക്കാല്‍ കിലോമീറ്റര്‍ കൊണ്ടുപോയി. കടുവാ സാന്നിധ്യമുള്ള പ്രദേശത്ത് വനം വകുപ്പ് കൃത്യമായി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഫോറസ്റ്റ് സ്റ്റേഷന് സമീപം എത്തിച്ച മൃതദേഹം കൊണ്ടുപോകാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല.
വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്തി. ധനസഹായ തുക പത്തുലക്ഷം രൂപയില്‍ നിന്ന് 6 ലക്ഷം രൂപ ഉടന്‍ നല്‍കും. മകന് വനം വകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കാനും തീരുമാനമായി
കുറിച്യാട് റേഞ്ചിന് കീഴിലാണ് കടുവ ആക്രമണം ഉണ്ടായത്. മൂടക്കൊല്ലിയിലെ പ്രജീഷ്, പഞ്ചാരക്കൊല്ലിയില്‍ രാധ , ഒടുവില്‍ ദേവര്‍ഗദ്ധയില്‍ കൂമന്‍ മാരന്‍. കടുവ ആക്രമണത്തിന് ഇരകളാകുന്നവരുടെ എണ്ണം ഏറുന്നത് ആശങ്കാജനകമാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR