സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല: വി ശിവൻകുട്ടി
Thiruvananthapuram, 21 ഡിസംബര്‍ (H.S.) ചില സ്വകാര്യ സ്‌കൂൾ മാനേജ്മെന്റുകൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും, ആഘോഷത്തിനായി കുട്ടികളിൽ നിന്ന് പിരിച്ച തുക തിരികെ നൽകുകയും ചെയ്തു എന്ന വാർത്ത അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. കേരളം
V Shivankutti


Thiruvananthapuram, 21 ഡിസംബര്‍ (H.S.)

ചില സ്വകാര്യ സ്‌കൂൾ മാനേജ്മെന്റുകൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും, ആഘോഷത്തിനായി കുട്ടികളിൽ നിന്ന്

പിരിച്ച തുക തിരികെ നൽകുകയും ചെയ്തു എന്ന വാർത്ത അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.

കേരളം പോലെ ഉയർന്ന ജനാധിപത്യ ബോധവും മതനിരപേക്ഷ സംസ്‌കാരവുമുള്ള ഒരു സംസ്ഥാനത്ത് കേട്ടുകേൾവിയില്ലാത്ത നടപടിയാണിത്.

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മനുഷ്യനെ വിഭജിക്കുന്ന ഉത്തരേന്ത്യൻ മോഡലുകൾ കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കാൻ ആരെയും അനുവദിക്കില്ല. ജാതി-മത ചിന്തകൾക്കപ്പുറം കുട്ടികൾ ഒന്നിച്ചിരുന്ന് പഠിക്കുകയും ഒന്നിച്ചു വളരുകയും ചെയ്യുന്ന ഇടങ്ങളാണ് നമ്മുടെ വിദ്യാലയങ്ങൾ.

അവിടെ വേർതിരിവിന്റെ വിഷവിത്തുകൾ പാകാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല.

ഓണവും ക്രിസ്മസും പെരുന്നാളുമെല്ലാം കേരളത്തിലെ വിദ്യാലയങ്ങളിൽ ഒരുപോലെ ആഘോഷിക്കപ്പെടുന്നവയാണ്.

പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും കുട്ടികൾ പഠിക്കുന്നത് ഇത്തരം ഒത്തുചേരലുകളിലൂടെയാണ്. ആഘോഷം നിശ്ചയിച്ച് പണം പിരിച്ച ശേഷം, അത് വേണ്ടെന്നു വെച്ച് പണം തിരികെ നൽകിയ നടപടി കുട്ടികളുടെ മനസിനെ മുറിപ്പെടുത്തുന്നതും ക്രൂരവുമാണ്.

ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ എല്ലാ വിദ്യാലയങ്ങൾക്കും ബാധ്യതയുണ്ട്.

എയ്ഡഡ് ആയാലും അൺ എയ്ഡഡ് ആയാലും സ്‌കൂളുകൾ പ്രവർത്തിക്കുന്നത്

ഈ രാജ്യത്തെ നിയമങ്ങൾക്കും വിദ്യാഭ്യാസ ചട്ടങ്ങൾക്കും അനുസൃതമായാണ്. സങ്കുചിതമായ രാഷ്ട്രീയ-വർഗീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഇടമായി വിദ്യാലയങ്ങളെ മാറ്റാൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകും.

പാഠപുസ്തകങ്ങളിലെ അറിവിനപ്പുറം, സഹജീവി സ്‌നേഹവും ബഹുസ്വരതയും പഠിപ്പിക്കേണ്ടവയാണ് വിദ്യാലയങ്ങൾ.

അവിടെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആഘോഷങ്ങൾക്ക് മാത്രം വിലക്കേർപ്പെടുത്തുന്നത് വിവേചനമാണ്.

ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ല.

വിഷയത്തിൽ അടിയന്തരമായി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകും.

കുട്ടികളെ കുട്ടികളായി കാണുക.

അവരെ വർഗീയതയുടെ കള്ളികളിൽ ഒതുക്കാതിരിക്കുക.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ അന്തസ്സിനും പാരമ്പര്യത്തിനും കോട്ടം തട്ടുന്ന ഒരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്നും അനുവദിച്ചു നൽകില്ല.

*കലോത്സവം: കലയ്‌ക്കൊപ്പം ഉത്തരവാദിത്തത്തിന്റെ പുതിയ പാഠങ്ങൾ*

ജനുവരി 14 മുതൽ 18 വരെ തൃശ്ശൂരിൽ സംസ്ഥാന സ്‌കൂൾ കലോത്സവം അരങ്ങേറുകയാണല്ലോ.

നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കേവലം കഴിവുള്ള കുട്ടികളെ വാർത്തെടുക്കുക എന്നത് മാത്രമല്ല, മറിച്ച് അവരെ പ്രാപ്തിയുള്ളവരും ഒപ്പം ഉത്തരവാദിത്തമുള്ളവരുമായ പൗരന്മാരായി വളർത്തുക എന്നത് കൂടിയാണ്.

ഈയൊരു കാഴ്ചപ്പാടോടെയാണ് ഇത്തവണത്തെ കലോത്സവത്തെ 'ഉത്തരവാദിത്വമുള്ള ഉത്സവം' എന്ന ആശയത്തിലേക്ക് നാം ഉയർത്തുന്നത്.

മത്സരവേദി മുതൽ ഭക്ഷണശാല വരെയും, മത്സരം മുതൽ പെരുമാറ്റം വരെയും ഈ ഉത്തരവാദിത്തബോധം പ്രതിഫലിക്കുന്ന മാറ്റങ്ങളാണ് ഇത്തവണ നാം നടപ്പിലാക്കുന്നത്. വിജയത്തിന്റെ പുതിയ നിർവചനം

ജയപരാജയങ്ങൾക്കപ്പുറം എല്ലാ കുട്ടികളെയും വിജയികളായി കാണുന്ന ഒരു സംസ്‌കാരം നാം വളർത്തേണ്ടതുണ്ട്.

തോൽവിയെ സംയമനത്തോടെ സ്വീകരിക്കാനും, സഹപാഠിയുടെ വിജയത്തിൽ മനസ്സ് തുറന്ന് സന്തോഷിക്കാനും കഴിയുന്നവനാണ് ജീവിതത്തിലെ യഥാർത്ഥ വിജയി.

ഈ സന്ദേശമാണ് കലോത്സവം കുട്ടികൾക്ക് നൽകുന്നത്.

ആഘോഷങ്ങൾ ഒരിക്കലും പൊതുസമൂഹത്തിന് ബാധ്യതയാകരുത്. വേദികളിലെ ശബ്ദ സംവിധാനങ്ങൾ വേദിയിലുള്ളവർക്ക് മാത്രം കേൾക്കാൻ പാകത്തിൽ നിയന്ത്രിക്കണം.

ഇത് പൊതുജനങ്ങൾക്ക് ശല്യമാകാതിരിക്കാനും ഒപ്പം അമിത ശബ്ദം കുട്ടികളുടെ കേൾവിശക്തിയെ ബാധിക്കാതിരിക്കാനും സഹായിക്കും.

ജീവിതശൈലീ രോഗങ്ങളും ക്യാൻസറും വർധിച്ചുവരുന്ന ഈ കാലത്ത്,

കലോത്സവ ഭക്ഷണം ഒരു മാതൃകയാവുകയാണ്.

അമിത മധുരം, എണ്ണ, ജങ്ക് ഫുഡ് എന്നിവ പൂർണ്ണമായി ഒഴിവാക്കി, പച്ചക്കറികളും പഴങ്ങളും അടങ്ങിയ നാട്ടിൻപുറത്തെ തനത് ഭക്ഷണരീതിയാണ് നാം നടപ്പിലാക്കുന്നത്.

ഇത് കുട്ടികളുടെ ആരോഗ്യത്തിനൊപ്പം പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കും കരുത്തേകും.

പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തം വാക്കുകളിൽ മാത്രമല്ല.

പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് അലങ്കാരങ്ങൾ എന്നിവയ്ക്ക് കർശന വിലക്കുണ്ട്.

സ്വന്തം വെള്ളക്കുപ്പി കൊണ്ടുവരാനും, പരിസ്ഥിതി സൗഹൃദ ഐ.ഡി കാർഡുകൾ ഉപയോഗിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.

കരുണ, പങ്കിടൽ, പരസ്പര സഹായം എന്നിവയിലൂടെ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് കലോത്സവം അടിത്തറയിടുന്നു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും

ഡിജിറ്റൽ അടിമത്തത്തിന് എതിരായ ബോധവൽക്കരണത്തിനും ഈ വേദി നാം പ്രയോജനപ്പെടുത്തും.

ആസ്വാദനവും വിനോദവും ഉത്തരവാദിത്തത്തോടെയാകണം എന്ന സന്ദേശമാണിത്.

ചുരുക്കത്തിൽ, ഈ കലോത്സവം വെറുമൊരു കലാപരിപാടിയല്ല;

വരുംതലമുറയെ ഉത്തരവാദിത്തമുള്ളവരായി വളർത്താനുള്ള നമ്മുടെ സാമൂഹിക പ്രതിജ്ഞയാണ്.

ഈ ഉദ്യമത്തിൽ എല്ലാ അധ്യാപകരും, രക്ഷിതാക്കളും, വിദ്യാർത്ഥികളും കൈകോർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

*അവധിക്കാലം കുട്ടികളുടേതാണ്; ഉല്ലാസത്തിനുള്ളതാണ് - നിർബന്ധിത ക്ലാസുകൾ ഒഴിവാക്കണം*

ഈ അധ്യയന വർഷത്തെ വേനലവധിക്കാലത്ത് കുട്ടികൾക്കായി പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്, നിരവധി വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും എനിക്ക് പരാതികൾ ലഭിക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ സ്‌കൂൾ അധികൃതരോടും അധ്യാപകരോടും ചില കാര്യങ്ങൾ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു.

നീണ്ട ഒരു അധ്യയന വർഷത്തെ പഠനഭാരത്തിന് ശേഷം കുട്ടികൾക്ക് ലഭിക്കുന്ന ആശ്വാസമാണ് ഈ ഇടവേള.

ഇത് മാനസിക സമ്മർദ്ദങ്ങളില്ലാതെ, കളിച്ചും ചിരിച്ചും, കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചും ആഘോഷിക്കാൻ അവർക്ക് കഴിയണം.

പഠനമികവിനൊപ്പം തന്നെ കുട്ടികളുടെ മാനസികാരോഗ്യവും നാം അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്.

തുടർച്ചയായ പഠനം അവരുടെ സർഗ്ഗാത്മകതയെയും മാനസിക ഉല്ലാസത്തെയും കെടുത്തിക്കളയരുത്. കുട്ടികൾക്ക് സമ്മർദ്ദമില്ലാതെ പഠനം ആസ്വദിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

അതിന് മതിയായ വിനോദവും വിശ്രമവും അത്യാവശ്യമാണ്.

ഒരു കുട്ടിയുടെ സമഗ്രമായ വളർച്ചയിൽ വിനോദത്തിനും വിശ്രമത്തിനും എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ശാസ്ത്രീയമായി പഠിച്ചിട്ടുള്ളവരും, അത് നന്നായി അറിയാവുന്നവരുമാണ് നമ്മുടെ അധ്യാപകർ. ഈ അവസരത്തിൽ ആ അറിവ് പ്രാവർത്തികമാക്കണമെന്ന് അവരെ

സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.

ആയതിനാൽ, കുട്ടികളുടെ സ്വാഭാവികമായ അവകാശങ്ങൾ നിഷേധിച്ചുകൊണ്ട്, അവധിക്കാലത്ത് നിർബന്ധിത ക്ലാസുകൾ അടിച്ചേൽപ്പിക്കരുതെന്ന് എല്ലാ സ്‌കൂൾ അധികൃതരോടും അഭ്യർത്ഥിക്കുന്നു.

നമുക്ക് നമ്മുടെ കുട്ടികളെ സമ്മർദ്ദമില്ലാതെ വളരാൻ അനുവദിക്കാം.

*സിഎം കിഡ്സ് സ്‌കോളർഷിപ്പ്: കുട്ടികളുടെ മികവ് അളക്കാൻ ഇനി പുതിയ രീതി*

പൊതുവിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന എൽ.എസ്.എസ് , യു.എസ്.എസ് പരീക്ഷകൾ ഇനി മുതൽ സിഎം കിഡ്സ് സ്‌കോളർഷിപ്പ് എന്ന പുതിയ പേരിൽ അറിയപ്പെടും.

പേരിനൊപ്പം തന്നെ പരീക്ഷയുടെ മാനദണ്ഡങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ സർക്കാർ കൊണ്ടുവരികയാണ്.

മുൻവർഷങ്ങളിൽ നിശ്ചിത ശതമാനം മാർക്ക് നേടുന്നവർക്കായിരുന്നു സ്‌കോളർഷിപ്പ് ലഭിച്ചിരുന്നത്.

എന്നാൽ ചോദ്യപേപ്പറിന്റെ കാഠിന്യം കൂടുന്ന വർഷങ്ങളിൽ വിജയികളുടെ എണ്ണം കുത്തനെ കുറയുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിരുന്നു.

ഇത് പരിഹരിക്കാൻ പുതിയ കട്ട് ഓഫ് രീതി കൊണ്ടു വന്നു.

ഓരോ വർഷവും ചോദ്യപേപ്പറിന്റെ നിലവാരം വിലയിരുത്തി പരീക്ഷാ ബോർഡ് തീരുമാനിക്കുന്ന കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിലാകും ഇനി വിജയികളെ നിശ്ചയിക്കുക.

ഇത് പരീക്ഷാഫലത്തിൽ സ്ഥിരത ഉറപ്പാക്കാനും അർഹരായ കൂടുതൽ കുട്ടികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കാനും സഹായിക്കും.

ജനുവരി ആദ്യവാരം രജിസ്‌ട്രേഷൻ ആരംഭിക്കുകയും ഫെബ്രുവരിയിൽ

പരീക്ഷ നടത്തുകയും ചെയ്യും.

എൽ.പി, യു.പി വിഭാഗങ്ങളിലായി നമ്മുടെ കുരുന്നുകളുടെ പഠനനിലവാരം ഉയർത്താനും അവരെ പ്രോത്സാഹിപ്പിക്കാനും ഈ മാറ്റങ്ങൾ സഹായിക്കും. എല്ലാ വിദ്യാർത്ഥികൾക്കും

സി എം കിഡ്സ് സ്‌കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം ആശംസിക്കുന്നു.

*മുപ്പതാമത് ഐ.എഫ്.എഫ്.കെ: ചലച്ചിത്ര പ്രേമികളുടെ മനംകവർന്ന് 'കേരള സവാരി'; എണ്ണായിരത്തി നാന്നൂറ് പേർക്ക് തുണയായത് അഭിമാനകരം*

മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള തികഞ്ഞ വിജയത്തോടെ സമാപിക്കുമ്പോൾ, മേളയുടെ ഔദ്യോഗിക മൊബിലിറ്റി പാർട്ണറായ കേരള സവാരി കാഴ്ചവെച്ച മികച്ച പ്രകടനം ഏറെ അഭിമാനകരമാണ്.

തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നമ്മുടെ സ്വന്തം സർക്കാർ ഓൺലൈൻ

ടാക്‌സി സർവീസ് മേളയുടെ വിജയത്തിൽ നിർണ്ണായക പങ്കാണ് വഹിച്ചത്.

മേളക്കാലത്ത് എണ്ണായിരത്തി നാന്നൂറോളം പ്രതിനിധികളാണ് കേരള സവാരിയുടെ സൗജന്യ സേവനം പ്രയോജനപ്പെടുത്തിയത് എന്നത് ചെറിയ കാര്യമല്ല.

17 ഓട്ടോകളും 4 ക്യാബുകളും ഉപയോഗിച്ച് നാലായിരത്തോളം ട്രിപ്പുകളാണ് കേരള സവാരി നടത്തിയത്.

ഒരു തിയേറ്ററിൽ നിന്ന് അടുത്ത വേദിയിലേക്ക് സിനിമ കാണാനായി പായുന്ന ഡെലിഗേറ്റുകൾക്ക് സമയബന്ധിതവും സുരക്ഷിതവുമായ യാത്രയൊരുക്കാൻ

ഈ സംവിധാനത്തിന് സാധിച്ചു.

ടാഗോർ, നിശാഗന്ധി, കൈരളി, ശ്രീ തുടങ്ങിയ പ്രധാന വേദികളെ ബന്ധിപ്പിച്ച് നടത്തിയ ഷട്ടിൽ സർവീസുകൾ കൃത്യതയോടെയും സുതാര്യമായും നടപ്പിലാക്കാൻ സാധിച്ചത് കേരള സവാരിയുടെ കാര്യക്ഷമത തെളിയിക്കുന്നതാണ്.

ലാഭേച്ഛയില്ലാതെ, ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ പൊതുഗതാഗത സംവിധാനങ്ങളെ എങ്ങനെ വിനിയോഗിക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണിത്.

ചലച്ചിത്ര മേളയിൽ കേരള സവാരിയെ നെഞ്ചിലേറ്റിയ എല്ലാ ഡെലിഗേറ്റുകൾക്കും, രാപ്പകലില്ലാതെ ഇതിനായി പ്രയത്‌നിച്ച തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News