Enter your Email Address to subscribe to our newsletters

wayanad, 22 ഡിസംബര്‍ (H.S.)
യുഡിഎഫ് പ്രവേശനത്തിന് പിന്നാലെ പ്രതികരണവുമായി ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ. ജാനു. യുഡിഎഫില്‍ ചേരണം എന്നതായിരുന്നു ജെആര്‍പിയിലെ പൊതു വികാരമെന്ന് സി.കെ. ജാനു പറഞ്ഞു. എല്ലാവരെയും ഒപ്പം നിര്‍ത്തുന്ന പാര്‍ട്ടിയാണ് യുഡിഎഫെന്നും തീരുമാനം സ്വാഗതര്‍ഹം ആണെന്നും സി.കെ. ജാനു അഭിപ്രായപ്പെട്ടു.
സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കാന്‍ ധാരണയയതിന് പിന്നാലെയാണ് പ്രതികരണം. എല്ലാവരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കുക എന്നത് യുഡിഎഫ് സ്വീകരിക്കുന്ന മര്യാദയാണെന്ന് ജാനു പറഞ്ഞു. പാര്‍ട്ടിയെ മുന്നണിയില്‍ എടുത്തതില്‍ പലയിടത്തും പായസം വെച്ച് ആഘോഷിക്കുന്നുണ്ട്. യുഡിഎഫ് പോലുള്ള സര്‍ക്കാരാണ് ആദിവാസികള്‍ക്ക് വേണ്ടി ഇടപെടുന്നത്. ജെആര്‍പി നേതാക്കളെല്ലാം സന്തോഷത്തിലാണെന്നും സി.കെ. ജാനു പറഞ്ഞു.
നിലവില്‍ സീറ്റ് ചര്‍ച്ചകള്‍ ഒന്നും നടന്നട്ടില്ലെന്നും ജാനു പറയുന്നു. 'ഭാവിയില്‍ അത്തരം ചര്‍ച്ചകള്‍ നടത്താവുന്നതാണ്. ആദ്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യും. എന്‍ഡിഎ ആണ് ആദ്യം പാര്‍ട്ടിയെ സ്വീകരിച്ചത്. എന്നാല്‍ പിന്നീട് അവഗണിച്ചു. അവര്‍ മുന്നണി എന്ന നിലയില്‍ പിന്നീട് പരിഗണിച്ചില്ല,' ജാനു പറഞ്ഞു.
കൊച്ചിയില്‍ ചേര്‍ന്ന മുന്നണി യോഗത്തിലാണ് പി.വി. അന്‍വറിന്റെയും സി.കെ. ജാനുവിന്റെയും പാര്‍ട്ടികള്‍ക്ക് അസോസിയേറ്റ് അംഗത്വം നല്‍കാന്‍ മുന്നണിയില്‍ ധാരണയായത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. സീറ്റ് വിഭജനം നേരത്തെ തീര്‍ക്കും. ജനുവരിയില്‍ സീറ്റ് വിഭജനം തീര്‍ക്കാന്‍ യോഗത്തില്‍ ധാരണയായിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S