Enter your Email Address to subscribe to our newsletters

Kochi, 22 ഡിസംബര്‍ (H.S.)
പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി വര്‍ഷങ്ങള്‍ക്കു ശേഷം യു.ഡി.എഫ് തിരിച്ചു പിടിച്ചതിന്റെ അസഹിഷ്ണുതയാണ് സി.പി.എം അക്രമത്തിലൂടെ കാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വ്യാപകമായ അതിക്രമമാണ് സി.പി.എം പെരിന്തല്‍മണ്ണയില്‍ നടത്തുന്നത്. ലീഗ് ഓഫീസ് ആക്രമിച്ചു. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ സി.പി.എം ഇതാണോ ചെയ്യുന്നത്? പാനൂരിലും പയ്യന്നൂരിലും സി.പി.എം ആക്രമണം നടത്തുകയാണ്. ഇവരുടെ ഗ്രാമങ്ങളില്‍ നോമിനേഷന്‍ നല്‍കിയാല്‍ അവിടെയും ആക്രമണം. ജനാധിപത്യ വിരുദ്ധമായി തരംതാണ രീതിയിലാണ് സി.പി.എം പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് കയ്യൂക്കൂള്ള സ്ഥലങ്ങളിലെല്ലാം അവര്‍ അധികാരവും പൊലീസിനെയും ക്രിമിനലുകളെയും ഉപയോഗിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഒരാളുടെ കൈ അറ്റുപോയിട്ട് ക്രിസ്മസിന് പടക്കം ഉണ്ടാക്കിയതാണെന്നാണ് പറയുന്നത്. പൊലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ബോംബ് നിര്‍മ്മാണത്തിന് കൂട്ടു നില്‍ക്കുകയാണ്. എല്ലായിടത്തും അടിക്കാനുള്ള സന്ദേശമാണ് മുഖ്യമന്ത്രി സി.പി.എം ക്രിമിനലുകള്‍ക്ക് നല്‍കുന്നത്. ജനവിധിക്കെതിരെയാണ് സി.പി.എം അക്രമം നടത്തുന്നത്. ആരെയാണ് നിങ്ങള്‍ ഭയപ്പെടുത്താന്‍ നോക്കുന്നത്. നിങ്ങളുടെ അക്രമം കണ്ട് ഞങ്ങള്‍ പേടിച്ചോടി വീട്ടില്‍ പോയിരിക്കുമെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ട. ജനങ്ങള്‍ ശക്തമായ താക്കീത് നല്‍കാന്‍ കാത്തിരിക്കുന്നുണ്ടെന്നത് മറക്കേണ്ട. തോല്‍വി ഉള്‍ക്കൊള്ളാന്‍ സി.പി.എമ്മിന് സാധിക്കുന്നില്ല. അസഹിഷ്ണുതയാണ്. ഇത് ഇടതുപക്ഷമൊന്നുമല്ല തീവ്രവലതുപക്ഷമാണ്. എതിരാളികളെ ഭയപ്പെടുത്തുന്നതും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതും കേസെടുക്കുന്നതും ഫാഷിസ്റ്റ് സമീപനമാണ്. പാരഡി ഗാനത്തിന് കേസെടുത്ത് തിരിച്ചോടിയ വഴിയില്‍ പുല്ല് പോലും മുളച്ചിട്ടില്ല. പാരഡിഗാനത്തിന് കേസെടുക്കാന്‍ പോയ സി.പി.എം ഇടതുപക്ഷമല്ല, തീവ്രവലതുപക്ഷമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
---------------
Hindusthan Samachar / Sreejith S