Enter your Email Address to subscribe to our newsletters

Guruvayoor , 22 ഡിസംബര്‍ (H.S.)
തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ, നിയമസഭാ തെരഞ്ഞെടുപ്പിലും തൃശൂർ ജില്ലയിൽ മത്സരിക്കാനൊരുങ്ങി കെ മുരളീധരൻ. ഗുരുവായൂരിൽ മത്സരിപ്പിക്കാനാണ് നീക്കം. ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ കെ മുരളീധരന് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശം നൽകി. ലീഗിന്റെ സീറ്റായ ഗുരുവായൂരിന് പകരം പട്ടാമ്പി സീറ്റ് ലീഗിന് നൽകും. സീറ്റ് വച്ചു മാറൽ സംബന്ധിച്ച് ഉഭയ കക്ഷി ചർച്ചയിൽ തീരുമാനം ഉണ്ടാക്കാനാണ് ആലോചന. ജനുവരി ആദ്യ വാരത്തോടെ ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കാനാണ് കെപിസിസി കെ മുരളീധരന് നിർദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടിരുന്നെങ്കിലും ഗുരുവായൂരിൽ മാത്രമാണ് യുഡിഎഫിന് മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞത്. ഇതാണ് കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള അനുകൂല ഘടകം. നിലവിൽ മുസ്ലീം ലീഗിന്റെ സിറ്റിങ് സീറ്റാണിത്. പ്രാഥമിക ഘട്ടത്തിൽ സീറ്റ് വെച്ച് മാറുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു. അന്തിമ തീരുമാനമാണ് ഇനി വരാനുള്ളത്. വിവിധ മണ്ഡലങ്ങളിൽ കോൺഗ്രസ് ക്യാമ്പിൽ നിന്ന് സർപ്രൈസ് സ്ഥാനാർഥികളുണ്ടാകും. മൂന്ന് ഘട്ടങ്ങളിലായാണ് സ്ഥാനാർഥി പ്രഖ്യാപനം നടക്കുക. ജയസാധ്യത നോക്കി സീറ്റുകൾ വെച്ച് മാറാനും ധാരണയായിട്ടുണ്ട്. ഇങ്ങനെയാണ് ലീഗിന് പട്ടാമ്പി സീറ്റ് നൽകി ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാൻ നീക്കം നടക്കുന്നത്.
ഗുരുവായൂർ നിയമസഭാ മണ്ഡലം: മുസ്ലീം ജനസംഖ്യ കൂടുതലുള്ള ചുറ്റുമുള്ള തീരദേശ പ്രദേശങ്ങൾ കൂടിച്ചേർന്നതിനാൽ നിയമസഭാ മണ്ഡലത്തിന് കൂടുതൽ സമ്മിശ്ര ജനസംഖ്യയുണ്ട്. 1994 ലെ ഒരു കണക്കനുസരിച്ച് മണ്ഡലത്തിൽ ഏകദേശം 47% മുസ്ലീങ്ങളും 45% ഹിന്ദുക്കളുമാണ് ഉള്ളത്, എന്നാൽ 2021 ലെ ഒരു സമീപകാല വിശകലനം സൂചിപ്പിക്കുന്നത് മണ്ഡലത്തിലെ ജനസംഖ്യയുടെ ഏകദേശം 60% ഹിന്ദുക്കളാണെന്നും മുസ്ലീങ്ങൾ വലിയൊരു ന്യൂനപക്ഷമാണെന്നും ആണ്.
രാഷ്ട്രീയ സന്ദർഭം: രാഷ്ട്രീയ അർത്ഥത്തിൽ മുസ്ലീം ആധിപത്യമുള്ള മണ്ഡലമാണെന്ന ധാരണ ഉടലെടുക്കുന്നത് പ്രദേശത്ത് ന്യൂനപക്ഷ വോട്ടുകൾ നിർണായകമാണെന്നും പ്രധാന രാഷ്ട്രീയ മുന്നണികൾ (എൽഡിഎഫും യുഡിഎഫും) ഗണ്യമായ മുസ്ലീം വോട്ട് ബാങ്ക് ഉറപ്പാക്കാൻ പലപ്പോഴും മുസ്ലീം സ്ഥാനാർത്ഥികളെ നിർത്തുന്നുവെന്നുമാണ്. യു.ഡി.എഫ് സഖ്യകക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐ.യു.എം.എൽ) ഗുരുവായൂരിനെ ഒരു അഭിമാനകരമായ സീറ്റായി കണക്കാക്കുകയും മുമ്പ് നിരവധി തവണ വിജയിക്കുകയും ചെയ്തിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K