Enter your Email Address to subscribe to our newsletters

Kochi, 22 ഡിസംബര്‍ (H.S.)
സംസ്കാരം എന്നാൽ ഈ ഭൂമി മറ്റുള്ളവരുടെ കൂടി അവകാശമാണെന്ന തിരിച്ചറിയലാണെന്ന് പത്മശ്രീ മമ്മൂട്ടി. ഒന്നാമത് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ ലോകത്ത് നമ്മൾ മാത്രമല്ല ജീവിക്കുന്നത്. നമ്മളെപ്പോലെ കോടിക്കണക്കിന് മനുഷ്യരും മറ്റു ജീവികളും ഇവിടെയുണ്ട്. അവർക്ക് കൂടെ അവകാശപ്പെട്ടതാണ് ഈ ഭൂമിയും വായുവും ജലവും എല്ലാം. ഇത് തിരിച്ചറിയുമ്പോഴാണ് നമ്മൾ സംസ്കാരസമ്പന്നരാകുന്നത്. മനുഷ്യരെ പരസ്പരം ബഹുമാനിക്കുക എന്നതാണ് ഏറ്റവും വലിയ മതം - മമ്മുട്ടി പറഞ്ഞു.
നമ്മളിൽ ഉറങ്ങിക്കിടക്കുന്നതോ, കാണാതെ പോകുന്നതോ, മറന്നുപോകുന്നതോ ആയ ഒരുപാട് സാംസ്കാരികതകളുണ്ട്. അത് ഉണർത്താനും ഓർമ്മിപ്പിക്കാനും വേണ്ടിയായിരിക്കണം സർക്കാർ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് പോലെയൊരു സംരംഭം ആരംഭിച്ചത്, മമ്മൂട്ടി കുട്ടിച്ചേർത്തു.
ചടങ്ങിൽ രണ്ടാമത് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിൻ്റെ ലോഗോ മമ്മൂട്ടി പ്രകാശനം ചെയ്തു. പ്രമുഖ സംഗീത സംവിധായകൻ ടി.എം കൃഷ്ണ ഹം ദേഖേംഗ എന്ന പ്രശസ്ത ഉർദു ഗാനം അഞ്ച് ഭാഷകളിലായി പാടിയത് വേദിയും സദസ്സും ഇരു കയ്യും നീട്ടിയായിരുന്നു സ്വീകരിച്ചത്.
ലോക പ്രശസ്ത ഡോക്യുമെൻ്ററി സംവിധായകൻ ആനന്ദ് പട് വർധൻ്റെ സന്ദേശം പ്രമുഖ നാടക സംവിധായകൻ സുധൻവ ദേശ് പാണ്ഡെ വായിച്ചു. രണ്ടാമത് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ പ്രഖ്യാപനം പ്രമുഖ ചലച്ചിത്ര നടിയും സംവിധായികയുമായ രത്ന പഥക് ഷായും പ്രമുഖ എഴുത്തുകാരൻ ഗണേഷ് എൻ ദേവിയും ചേർന്ന് നിർവഹിച്ചു.
---------------
Hindusthan Samachar / Sreejith S