Enter your Email Address to subscribe to our newsletters

Thiruvanathapuram, 22 ഡിസംബര്‍ (H.S.)
തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ട് കണക്ക് പുറത്തുവന്നു. കോണ്‍ഗ്രസിന് തന്നെയാണ് മേല്‍ക്കൈ. 29.17 ശതമാനം വോട്ട് നേടി കോണ്‍ഗ്രസ് ഒന്നാമത് എത്തി. സിപിഎമ്മിന് 27.16 ശതമാനവും ബിജെപിക്ക് 14.76 ശതമാനവും വോട്ടാണ് ലഭിച്ചത്. ലീഗിന് 9.77 ശതമാനവും സിപിഐക്ക് 5.58 ശതമാനവുമാണ് വോട്ടുവിഹിതം.
കോണ്‍ഗ്രസിന് 1,60,24,802 വോട്ടും സിപിഎമ്മിന് 1,49,22,193 വോട്ടും ബിജെപിക്ക് 81,08,137 വോട്ടുമാണ് കിട്ടിയത്. ലീഗിന് 53,69,745 വോട്ടു ലഭിച്ചു. സിപിഐക്ക് കിട്ടിയത് 30,66,476 വോട്ടാണ്. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ആകെ 38.81 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് 33.45 ശതമാനവും എന്‍ഡിഎയ്ക്ക് 14.71 ശതമാനവുമാണ് വോട്ട് ലഭിച്ചത്.
23,573 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഗ്രാമ, ബ്ലോക്ക്, ജില്ല, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലായി 8889 വാര്‍ഡുകളാണ് എല്‍ഡിഎഫിനു ലഭിച്ചത്. ഇതില്‍ സിപിഎമ്മിന് 7455, സിപിഐ- 1018, കേരളാ കോണ്‍ഗ്രസ് എം-246, രാഷ്ട്രീയ ജനതാദള്‍-63, ജനതാദള്‍ (എസ്)-44, എന്‍സിപി-25, കേരളാ കോണ്‍ഗ്രസ് (ബി)-15, ഇന്ത്യന്‍ നാഷണല്‍ ലീഗ്-9, കോണ്‍ഗ്രസ് എസ്-8, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് - 6 എന്നിങ്ങനെയാണ് സീറ്റ് നില.
യുഡിഎഫിന് ആകെ 11,103 വാര്‍ഡുകളാണ് നേടാന്‍ കഴിഞ്ഞത്. 2020ല്‍ ഇത് 7757 ആയിരുന്നു. ഇത്തവണ കോണ്‍ഗ്രസിന് 7817 സീറ്റുകള്‍ ലഭിച്ചു. ലീഗിന് 2844 സീറ്റും കേരളാ കോണ്‍ഗ്രസ് - 332, ആര്‍എസ്പി - 57, കേരളാ കോണ്‍ഗ്രസ് (ജേക്കബ്)-34, സിഎംപി-10, കേരളാ ഡമോക്രാറ്റിക് പാര്‍ട്ടി-8, ഫോര്‍വേഡ് ബ്ലോക്ക് - 1 എന്നിങ്ങനെയാണ് സീറ്റ് ലഭിച്ചത്. എന്‍ഡിഎയ്ക്ക് 1920 സീറ്റുകളിലാണ് വിജയം. അതില്‍ ബിജെപിക്ക് 1914 വാര്‍ഡുകളും ബിഡിജെഎസിന് 5, ലോക്ജനശക്തി പാര്‍ട്ടിക്ക് ഒന്നും സീറ്റാണ് ലഭിച്ചത്.
---------------
Hindusthan Samachar / Sreejith S