മലപ്പുറത്ത് അസാമാന്യ വലിപ്പത്തിൽ അപൂർവയിനം നന്നങ്ങാടി കണ്ടെത്തി
Malappuram , 22 ഡിസംബര്‍ (H.S.) മലപ്പുറം: കവുങ്ങിന് കുഴിയെടുത്തപ്പോൾ കണ്ടെത്തിയത് അപൂർവയിനം നന്നങ്ങാടി. മലപ്പുറം ചങ്ങരംകുളം ചിയ്യാനൂരിലാണ് സംഭവം. ചിയ്യാനൂരിൽ താമസിക്കുന്ന മഞ്ഞക്കാട്ട് കുമാരന്റെ വീടിനോട് ചേർന്നുള്ള പ്രദേശത്താണ് പുരാവസ്തു കണ്ടെത്തിയ
മലപ്പുറത്ത് അസാമാന്യ വലിപ്പത്തിൽ അപൂർവയിനം നന്നങ്ങാടി കണ്ടെത്തി


Malappuram , 22 ഡിസംബര്‍ (H.S.)

മലപ്പുറം: കവുങ്ങിന് കുഴിയെടുത്തപ്പോൾ കണ്ടെത്തിയത് അപൂർവയിനം നന്നങ്ങാടി. മലപ്പുറം ചങ്ങരംകുളം ചിയ്യാനൂരിലാണ് സംഭവം. ചിയ്യാനൂരിൽ താമസിക്കുന്ന മഞ്ഞക്കാട്ട് കുമാരന്റെ വീടിനോട് ചേർന്നുള്ള പ്രദേശത്താണ് പുരാവസ്തു കണ്ടെത്തിയത്. അസാമാന്യ വലിപ്പമുള്ള രണ്ട് കുടങ്ങൾ ഒന്നിന് മുകളിൽ ഒന്നായി വച്ചിരിക്കുന്ന രീതിയിലുള്ള നന്നങ്ങാടിയാണ് കണ്ടെത്തിയത്. നൂറുകണക്കിന് വർഷങ്ങളുടെ പഴക്കം ഇതിനുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

പണ്ടുകാലങ്ങളിൽ ധാന്യങ്ങൾ സൂക്ഷിക്കുന്നതിനും ശവസംസ്‌കാരച്ചടങ്ങുകളിലുമാണ് നന്നങ്ങാടി ഉപയോഗിച്ചിരുന്നത്. മരിച്ചവരുടെ അസ്ഥികൾ മണ്ണിൽ മറവുചെയ്ത് സൂക്ഷിക്കാനും ഉപയോഗിച്ചിരുന്നു. സാധാരണ കണ്ടുവരുന്ന നന്നങ്ങാടിയുടേതിനേക്കാൾ വ്യത്യാസം വക്കിലും ഉടലിനും അടിഭാഗത്തിനുമുണ്ട്. വളരെ വ്യത്യസ്തമായ അലങ്കാരപ്പണികളും ഇതിലുണ്ട്. ചതുരക്കള്ളികളുടെ വളരെ അപൂർവമായ ഡിസൈനും കാണാം. നന്നങ്ങാടിയുടെ അടിഭാഗത്തുള്ള മൊട്ടുപോലുള്ള നിർമിതിയും അപൂർവമാണ്.

കേരളത്തിലെ പുരാവസ്തു ചരിത്രത്തിൽ, മഹാശിലാ സംസ്കാര കാലഘട്ടത്തിൽ (Megalithic Age) നിലനിന്നിരുന്ന ഒരു ശ്മശാന രീതിയാണ് നന്നങ്ങാടി (Nannangadi). ഇവ കളിമണ്ണിൽ നിർമ്മിച്ച വലിയ ഭരണികളാണ്.

പ്രധാന സവിശേഷതകൾ

ഉപയോഗം: മരിച്ചവരുടെ മൃതദേഹങ്ങളോ അസ്ഥികളോ അടക്കം ചെയ്യാനാണ് ഇവ ഉപയോഗിച്ചിരുന്നത്. ഇതിനെ 'മുതുമക്കത്താഴി' എന്നും വിളിക്കാറുണ്ട്.

സാമഗ്രികൾ: മൃതദേഹത്തോടൊപ്പം പരേതൻ ഉപയോഗിച്ചിരുന്ന ഇരുമ്പ് ആയുധങ്ങൾ, മൺപാത്രങ്ങൾ, മുത്തുകൾ എന്നിവയും ഇതിനുള്ളിൽ വെക്കാറുണ്ടായിരുന്നു. മരണാനന്തര ജീവിതത്തിലുള്ള വിശ്വാസമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

കല്ലുമായുള്ള ബന്ധം: നന്നങ്ങാടികൾ കുഴിച്ചിട്ട ശേഷം അവയ്ക്ക് മുകളിൽ അടപ്പായി വലിയ വൃത്താകൃതിയിലുള്ള കല്ലുകൾ (Capstones) വെക്കാറുണ്ട്. ചിലയിടങ്ങളിൽ ഇത്തരം ശ്മശാനങ്ങൾക്ക് മുകളിൽ വലിയ സ്മാരക ശിലകളും സ്ഥാപിക്കാറുണ്ട്.

നിർമ്മാണം: കളിമണ്ണിൽ തീർത്ത ഇവയ്ക്ക് ഏകദേശം 1 മുതൽ 1.25 മീറ്റർ വരെ ഉയരമുണ്ടാകും.

ചരിത്ര പ്രാധാന്യം

കേരളത്തിലെ ഇരുമ്പുയുഗത്തിന്റെ (ഏകദേശം ബി.സി. 500 മുതൽ എ.ഡി. 500 വരെ) തെളിവുകളായാണ് ഇവ കണക്കാക്കപ്പെടുന്നത്. കേരളത്തിൽ ഇടുക്കി, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ നിന്ന് ഒട്ടേറെ നന്നങ്ങാടികൾ കണ്ടെടുത്തിട്ടുണ്ട്. 2025-ലും പലയിടങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ ഇത്തരം ചരിത്രശേഷിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News