Enter your Email Address to subscribe to our newsletters

Kochi, 22 ഡിസംബര്‍ (H.S.)
സ്‌നേഹത്തിന് അതിര്‍വരമ്പുകളില്ലെന്ന് കേരളം ഒരിക്കല്‍ കൂടി ലോകത്തിന് കാണിച്ചു കൊടുക്കുകയാണ്. നേപ്പാളി പെണ്‍കുട്ടിയ്ക്ക് ജീവനേകാന്‍ പോകുന്നത് ഒരു മലയാളിയുടെ ഹൃദയം. എറണാകുളം ജനറല്‍ ആശുപത്രിയുടെ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ ഒരു ശസ്ത്രക്രിയയല്ല, മറിച്ച് മനുഷ്യത്വത്തിന്റെ വലിയൊരു ചരിത്രമാണ് ഇന്ന് രചിക്കപ്പെടുന്നത്.
22 വയസ്സ് മാത്രം പ്രായമുള്ള ദുര്‍ഗ കാമി എന്ന നേപ്പാള്‍ സ്വദേശിനി പുതുജീവന്‍ തേടിയാണ് കേരളത്തിലെത്തിയത്. ഹൃദയഭിത്തികള്‍ക്ക് കനം കൂടുന്ന 'ഹൈപ്പര്‍ ട്രോഫിക് കാര്‍ഡിയോ മയോപ്പതി' എന്ന മാരക രോഗം അവളുടെ സ്വപ്നങ്ങള്‍ കെടുത്തിയിരുന്നു. ഇതേ ജനിതക രോഗം മൂലമാണ് അവളുടെ അമ്മയും സഹോദരിയും മരിച്ചത്. പിതാവും നേരത്തെ ആ കുടുംബത്തെ വിട്ടുപിരിഞ്ഞിരുന്നു. നേപ്പാളിലെ അനാഥാലയത്തില്‍ പഠിച്ചു വളര്‍ന്ന ദുര്‍ഗയ്ക്ക്, ആ സ്ഥാപനം നടത്തുന്ന മലയാളിയാണ് കേരളത്തിലെ മികച്ച ചികിത്സയെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നത്.
ഏക തുണയായ സഹോദരനൊപ്പം കേരളത്തിലെത്തിയ ദുര്‍ഗയ്ക്ക് മുന്നില്‍ നിയമ കടമ്പകള്‍ വലിയ പ്രതിസന്ധിയായി. വിദേശിയായതിനാല്‍ അവയവദാനത്തിന് നിയമതടസ്സങ്ങള്‍ മുന്നില്‍ വന്നപ്പോള്‍ നീതിപീഠം ആ കുഞ്ഞിനായി കാരുണ്യം ചൊരിഞ്ഞു. സ്വകാര്യ ആശുപത്രികളിലെ ലക്ഷങ്ങള്‍ വരുന്ന ചികിത്സാച്ചെലവ് താങ്ങാനാവാത്ത പെണ്‍കുട്ടിക്ക് മുന്നില്‍ എറണാകുളം ജനറല്‍ ആശുപത്രി കരുതലോടെ വാതില്‍ തുറന്നു.
താമസിയാതെ വിധി കൊല്ലം സ്വദേശി ഷിബുവിന്റെ (47) രൂപത്തില്‍ ദുര്‍ഗക്ക് മുന്നില്‍ എത്തുകയായിരുന്നു. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഷിബു കിടക്കുമ്പോള്‍, ആ കുടുംബം എടുത്ത തീരുമാനം ഒരുപാട് മനുഷ്യരുടെ ജീവിതത്തിന് പ്രകാശമേകുന്നതായിരുന്നു. പ്രിയപ്പെട്ടവന്റെ വിയോഗത്തിന്റെ തീരാവേദനയ്ക്കിടയിലും, അവന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ജീവനാകട്ടെ എന്ന് അവര്‍ ഉറപ്പിച്ചു.
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഷിബുവിന്റെ ഹൃദയവുമായി എയര്‍ ആംബുലന്‍സ് പറന്നുയര്‍ന്നപ്പോള്‍ അത് വെറുമൊരു യാത്രയായിരുന്നില്ല, മറിച്ച് ജീവന്റെ തുടിപ്പുമായി വിധിക്ക് നേരെ ഒരുകൂട്ടം മനുഷ്യര്‍ നടത്തിയ പോരാട്ടമായിരുന്നു. ഷിബുവിന്റെ ഹൃദയം ദുര്‍ഗയുടെ ഉള്ളില്‍ മിടിക്കുമ്പോള്‍, മറ്റൊരു വലിയ ചരിത്രം കൂടി ഇവിടെ പിറക്കും.
രാജ്യത്താദ്യമായാണ് ഒരു സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നത്. ഡോ. ജോര്‍ജ് വാളൂരാന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഈ ദൗത്യം ഏറ്റെടുത്തപ്പോള്‍ അത് കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയുടെ വിജയമായി മാറി. ഒരു നേപ്പാളി പെണ്‍കുട്ടിക്ക് ഹൃദയം നല്‍കാന്‍ തയ്യാറായ ഷിബുവിന്റെ കുടുംബം ലോകത്തിന് സ്‌നേഹത്തിന്റെയും അതിജീവനത്തിന്റെയും പുതിയ കേരള മോഡല്‍ കാട്ടികൊടുക്കുകയാണ്. കൂടാതെ ഷിബുവിലൂടെ കേരളത്തിലാദ്യമായി മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ ചര്‍മ്മം ദാനം ചെയ്യപ്പെട്ടു. ഹൃദയവും വൃക്കകളും കരളും കണ്‍പോളകളും ഒപ്പം ചര്‍മ്മവും സഹജീവികള്‍ക്ക് നല്‍കിയാണ് ഷിബു ഈ ഭൂമിയില്‍ നിന്ന് വിടവാങ്ങുന്നത്. ഏഴു പേരിലൂടെ ഷിബു ഇനിയും ജീവിക്കും.
---------------
Hindusthan Samachar / Sreejith S