Enter your Email Address to subscribe to our newsletters

New delhi, 22 ഡിസംബര്‍ (H.S.)
നാഷണല്‍ ഹെറാള്‍ഡ് കേസ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും വീണ്ടും കുരുക്ക്. ദില്ലി ഹൈക്കോടതി ഇരുവര്‍ക്കും നോട്ടീസയച്ചു. കേസിലെ സ്റ്റേ ആവശ്യത്തില്‍ ഉള്‍പ്പെടെ മറുപടി സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതി നടപടിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച അപ്പീലിലാണ് ദില്ലി ഹൈക്കോടതിയുടെ നടപടി. വിചാരണക്കോടതി നടപടി തെറ്റെന്നാണ് ഇ ഡി വാദിച്ചത്. മറ്റ് കേസുകളെയും ഇത് ബാധിക്കുമെന്നും ഇ ഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തില്‍ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നായിരുന്നു ദില്ലി റൗസ് അവന്യു കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടത്. ഇതിന്മേലാണ് അപ്പിലൂമായി ഇ ഡി ഹൈക്കോടതിയെ സമീപിച്ചത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. 2000 കോടിയുടെ തട്ടിപ്പെന്നായിരുന്നു കുറ്റപത്രത്തില്‍ ആരോപണം. പ്രത്യേക ഇ ഡി കോടതി ഈ കുറ്റപത്രമാണ് കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞത്. ഏതെങ്കിലും എഫ് ഐ ആറിന്റെ അടിസ്ഥാനത്തില്‍ അല്ല നിലവില്‍ ഇ ഡി കേസെടുത്ത് കുറ്റപ്പത്രം നല്‍കിയതെന്ന് കോടതി നിരീക്ഷിച്ചു. ബി ജെ പി നേതാവ് സുബ്രഹ്‌മണ്യം സ്വാമി നല്‍കിയ സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. എഫ് ഐ ആറിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കള്ളപ്പണ നിരോധന നിയമപ്രകാരം കേസ് എടുക്കാനാകൂ. ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപ്പത്രം സ്വീകരിക്കാന്‍ വിസമ്മതിച്ചത്. നിലവില്‍ നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഗൂഢാലോചനയില്‍ ദില്ലി പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
---------------
Hindusthan Samachar / Sreejith S