മുന്നണിയില്‍ എടുക്കണമെന്ന് യുഡിഎഫിന് നല്‍കിയ കത്ത് പുറത്തുവിടാന്‍ വെല്ലുവിളിച്ച് വിഷ്ണുപുരം ചന്ദ്രശേഖര്‍; യുഡിഎഫ് വിപുലീകരണത്തില്‍ കല്ലുകടി
Thiruvanathapuram, 22 ഡിസംബര്‍ (H.S.) നിയമസഭാ തിരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങുന്നതിനായി മുന്നണി വിപുലീകരിക്കാന്‍ ഇറങ്ങിയ യുഡിഎഫിന് തുടക്കത്തില്‍ തന്നെ തിരിച്ചടി. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗം പിവി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനേയും സികെ ജാനുവിന്റെ
vishnupuram


Thiruvanathapuram, 22 ഡിസംബര്‍ (H.S.)

നിയമസഭാ തിരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങുന്നതിനായി മുന്നണി വിപുലീകരിക്കാന്‍ ഇറങ്ങിയ യുഡിഎഫിന് തുടക്കത്തില്‍ തന്നെ തിരിച്ചടി. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗം പിവി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനേയും സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി, വിഷ്ണുപുരം ചന്ദ്രശേഖര്‍ നയിക്കുന്ന കാമരാജ് കോണ്‍ഗ്രസ് എന്നിവരെ അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം യോഗ ശേഷം സതീശന്‍ വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിക്കുകയും ചെയ്തു. ജാനുവിന്റെ പാര്‍ട്ടിയും വിഷ്ണുപുരം ചന്ദ്രശേഖരന്റേയും പാര്‍ട്ടി നിലവില്‍ എന്‍ഡിഎയുടെ ഭാഗമായിരുന്നു. യുഡിഎഫില്‍ ചേരണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എന്ന് പറയുകയും ചെയ്തു.

എന്‍ഡിഎ വൈസ് ചെയര്‍മാനായ വിഷ്ണുപുരം ചന്ദ്രശേഖറിന്റെ മുന്നണി മാറ്റം എല്ലാവരേയും അമ്പരപ്പിക്കുന്നതായിരുന്നു. ഇതില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വലിയ രാഷ്ട്രീയ ട്വിസ്റ്റുമായി വിഷ്ണുപുരം ചന്ദ്രശേഖര്‍ രംഗത്ത് എത്തി. താന്‍ യുഡിഎഫുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. മുന്നണിയില്‍ എടുക്കണമെന്ന് ഒരു കത്തും നല്‍കിയിട്ടില്ല. അങ്ങനെ ഒരു കത്ത് ഉണ്ടെങ്കില്‍ പുറത്തുവിടണമെന്നും വെല്ലുവിളിച്ചു. എന്‍ഡിഎയില്‍ അതൃപ്തിയുണ്ട്. ഘടകക്ഷികള്‍ക്ക് ബിജെപിക്കാര്‍ വോട്ട് ചെയ്യാറില്ല. അത് എന്‍ഡിഎ യോഗത്തില്‍ തുറന്ന് പറയാന്‍ തന്റേടം ഉണ്ട്. ഘടകക്ഷികളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്ന ആളാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.

ഇതോടെ വെട്ടിലായിരിക്കുന്നത് യുഡിഎഫും പ്രതിപക്ഷ നേതാവ് വിഡി സതീശനുമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് മുന്നണി വിപുലീകരണം എന്ന് പറഞ്ഞ് ഇറങ്ങിയത്. അന്‍വറിനേയും ജാനുവിനേയും കൂടെക്കൂട്ടി എങ്കിലും കോണ്‍ഗ്രസിന്റെ ലക്ഷ്യം ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസാണ്. മുന്നണിയിലേക്ക് കൂടുതല്‍ കക്ഷികള്‍ എത്തുന്നു എന്ന പ്രതീതി സൃഷ്ടിക്കാം എന്ന് അല്ലാതെ കേരള കോണ്‍ഗ്രസ് വരുന്നതുപോലെ വോട്ട് വ്യത്യാസം ഉണ്ടാക്കാന്‍ ഇവര്‍ക്ക് ശക്തിയില്ല എന്നതാണ് കാരണം.

എന്നാല്‍ വിഷ്ണുപുരം ചന്ദ്രശേഖര്‍ തങ്ങള്‍ അങ്ങോട്ട് ഇല്ല എന്ന് പറഞ്ഞ് രംഗത്ത് എത്തിയതോടെ ആദ്യ നീക്കം തന്നെ പാളിയിരിക്കുകയാണ്. ഇനി വെല്ലുവിളി ഏറ്റെടുത്ത് കോണ്‍ഗ്രസ് കത്ത് പുറത്തുവിടുമോ അതോ അനൗദ്യോഗിക ചര്‍ച്ചകളാണ് നടന്നത് എന്ന് പറഞ്ഞ് വിവാദം ഒഴിവാക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

---------------

Hindusthan Samachar / Sreejith S


Latest News