Enter your Email Address to subscribe to our newsletters

Palakkad, 22 ഡിസംബര്‍ (H.S.)
വാളയാര്‍ അട്ടപ്പള്ളത്ത് അന്യസംസ്ഥാന തൊഴിലാളി രാംനാരായണ്‍ ഭയ്യാറിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രാഷ്ട്രീയ ആരോപണവുമായി മന്ത്രി എംബി രാജേഷ്. പ്രതികള്‍ സംഘപരിവാറുകാരണെന്ന് മന്ത്രി ആരോപിച്ചു. ബംഗ്ലാദേശി ആണോ എന്ന് ചോദിച്ചാണ് ആക്രമണം നടത്തിയത്. ഇതിന് പിന്നിലെ വിദ്വേഷ രാഷ്ട്രീയം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്. പ്രതികളില്‍ ആര്‍ക്കെങ്കിലും വിദൂരമായ സിപിഎം ബന്ധമുണ്ടെങ്കില്‍ ഇങ്ങനെ ആയിരിക്കില്ല മാധ്യമങ്ങള്‍ പ്രതികരിക്കുക എന്നും മന്ത്രി പറഞ്ഞു.
നിരവധി കേസുകളിലും പ്രതികളായവരാണ് നിലിവില്‍ അറസ്റ്റിലായിരിക്കുന്ന അഞ്ചുപേരും്. പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-ഒന്നില്‍ സമര്‍പ്പിച്ച റിപ്പാര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഒന്നാംപ്രതി അട്ടപ്പള്ളം കല്ലങ്കാട് അനുവിനെതിരേ മാരകായുധങ്ങളുമായുള്ള ആക്രമണം, അടിപിടി എന്നിവയ്ക്ക് വാളയാര്‍ സ്റ്റേഷനില്‍ പത്തും കസബ സ്റ്റേഷനില്‍ അഞ്ചും കേസുകളുണ്ട്. രണ്ടാംപ്രതി പ്രസാദും മൂന്നാംപ്രതി മുരളിയും രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. നാലാംപ്രതി ആനന്ദനെതിരേ ഒരു കേസുണ്ട്. അഞ്ചാം പ്രതി വിപിന്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലെ രണ്ടു കേസുകളിലും വാളയാര്‍ സ്റ്റേഷനിലെ ഒരു കേസിലും പ്രതിയാണ്.
15 പേരില്‍ അധികം വരുന്ന ആള്‍ക്കൂട്ടമാണ് രാംനാരായണിനെ മര്‍ദിച്ചത്. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. ഇതുവരെ അഞ്ചുപേരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റുളളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അറസ്റ്റ് ഭയന്ന് പത്തിലേറെപ്പേര്‍ ഒളിവില്‍ പോയതായാണ് അന്വേഷണസംഘം പറയുന്നത്.
വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചാണ് ആള്‍ക്കൂട്ടം മര്‍ദനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതില്‍ നിന്നാണ് ഉള്‍പ്പെട്ടവരെ അന്വേഷണസംഘം തിരിച്ചറിഞ്ഞത്. ഇതില്‍ സ്ത്രീകളുടെ സാന്നിധ്യവും വ്യക്തമാണ്. കെണിയായി എന്ന് അറിഞ്ഞതോടെ ഗ്രൂപ്പുകളില്‍ നിന്നടക്കം വീഡിയോകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ വീഡിയോ ദൃശ്യങ്ങളും സാഹചര്യത്തെളിവുകളും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ പി.എം. ഗോപകുമാറിന്റെ നേതൃത്വത്തില്‍ ശേഖരിക്കുകയാണ്.
---------------
Hindusthan Samachar / Sreejith S