Enter your Email Address to subscribe to our newsletters

Alappuzha, 23 ഡിസംബര്‍ (H.S.)
ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നതിന് മുമ്ബ് തന്നെ ചെറുതന ആയാപറമ്ബ് പാണ്ടിയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തു.
ഭോപ്പാലിലെ ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് ഇന്ന് രോഗ സ്ഥിരീകരണം ഉണ്ടായത്. 24 ദിവസം പ്രായമായ 15,000 താറാവ് കുഞ്ഞുങ്ങളാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ചത്തത്. പാണ്ടി പുത്തൻപറമ്ബില്‍ രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള താറാവുകളാണ് ചത്തത്. ജീവിതം വഴി മുട്ടിയ അവസ്ഥയിലാണ് രാമചന്ദ്രൻ. ക്രിസ്മസ് വിപണി ലക്ഷ്യമിട്ടാണ് താറാവുകളെ വളർത്തിയത്.
പ്രതിരോധ വാക്സിൻ എടുത്ത താറാവുകളാണ് ചത്തൊടുങ്ങിയതെന്ന് രാമചന്ദ്രൻ പറയുന്നു. പ്രദേശത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് കർഷകർ. താറാവ് നഷ്ടപ്പെട്ട കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്ന് കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ, സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ ആവശ്യപ്പെട്ടു.
ആലപ്പുഴയില്‍ ചെറുതന, കരുവാറ്റ കാർത്തികപ്പള്ളി, അമ്ബലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിലാണ് താറാവുകള്‍ക്ക് രോഗബാധ. നെടുമുടിയില്‍ കോഴികള്‍ക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോട്ടയത്ത് കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കല്‍ , വേളൂർ എന്നീ വാർഡുകളിലാണ് രോഗം. കാട, കോഴി എന്നിവയ്ക്കാണ് കോട്ടയത്തു രോഗം സ്ഥിരീകരിച്ചത്. ക്രിസ്തുമസ് വിപണി മുന്നില്‍ കണ്ട് പ്രതീക്ഷയോടെ കാത്തിരുന്ന കർഷകർ നിരാശയിലാണ്.
മനുഷ്യരിലേക്ക് വൈറസ് പകരാൻ സാധ്യത ഉള്ളതിനാല്‍ രോഗ ബാധയുള്ള പക്ഷികളെ കൈകാര്യം ചെയ്യുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.മൃഗസംരക്ഷണ വകുപ്പിന് ഭോപ്പാലിലെ ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനഫലം ലഭിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര നടപടികള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നിർദേശം നല്‍കി.
പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുന്നത് അപൂർവമാണെങ്കിലും, രോഗം ബാധിച്ച പക്ഷികളുമായി അടുത്ത സമ്ബർക്കം പുലർത്തുന്നതിലൂടെ പകരാൻ സാധ്യതയുണ്ട്. പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് പകരുന്ന ഒരു വൈറസ് രോഗമാണ് പക്ഷിപ്പനി. സാധാരണയായി കോഴി, താറാവ്, കാട, ടർക്കി, അലങ്കാര പക്ഷികള്‍ എന്നിവയെയാണ് ഇത് ബാധിക്കുന്നത്. പക്ഷി പനി മനുഷ്യരിലേക്ക് പകരുമോ എന്ന ചോദ്യം എപ്പോഴും ചർച്ചയാവാറുണ്ട്. ഇക്കാര്യങ്ങളാല്‍ ആളുകള്‍ വളരെയധികം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്. പക്ഷി പനി മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറവാണെന്ന് പറയുമ്ബോഴും ഇത് പൂർണമായും തള്ളിക്കളയാൻ സാധിക്കില്ല.
സാധാരണ സാഹചര്യങ്ങളില്‍ ഈ വൈറസ് പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാറില്ല. എന്നാല്‍, ചില പ്രത്യേക സാഹചര്യങ്ങളില്‍ വൈറസിന് ജനിതക മാറ്റങ്ങള്‍ സംഭവിച്ച് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠം, തൂവലുകള്‍ എന്നിവയുമായോ അടുത്ത സമ്ബർക്കം പുലർത്തുന്നവർക്കാണ് സാധാരണയായി രോഗം പകരാൻ സാധ്യത കൂടുതലുള്ളത്.
1997-ല്‍ ഹോങ്കോങ്ങിലാണ് ആദ്യമായി മനുഷ്യരില്‍ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. H5N1, H7N9, H7N7, H9N2 തുടങ്ങിയ ഏവിയൻ ഇൻഫ്ലുവൻസ വൈറസുകള്‍ മനുഷ്യരിലേക്ക് പകരാനും രോഗമുണ്ടാക്കാനും ശേഷിയുള്ളവയാണ്. എന്നാല്‍ കൊറോണ വൈറസ് പോലെയോ, നിപ്പ പോലെയോ മനുഷ്യരിലേക്ക് അതിവേഗത്തില്‍ പടർന്നു പിടിക്കുന്ന ജന്തുജന്യരോഗങ്ങളില്‍ ഒന്നല്ല പക്ഷിപ്പനി.
പക്ഷിപ്പനി വൈറസുകള്‍ മനുഷ്യരില്‍ കാണുന്ന ഇൻഫ്ലുവെൻസ വൈറസുകളുമായി ചേർന്ന് പുതിയ ജനിതക ഘടനയാർജിച്ച് കോവിഡ്-19 വൈറസുകളെ പോലെ ഒരു ആഗോള മഹാമാരിയായി മാറാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR