Enter your Email Address to subscribe to our newsletters

Kochi, 23 ഡിസംബര്‍ (H.S.)
അതിരുകളില്ലാത്ത കാരുണ്യത്തിന്റെ തണലില്‍ നേപ്പാള്‍ സ്വദേശി ദുർഗകാമിക്ക് ഇനി പുതിയ ഹൃദയം. തിരുവനന്തപുരത്ത് മസ്തിഷ്കമരണം സംഭവിച്ച ഷിബു എന്ന യുവാവിന്റെ ഹൃദയമാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദുർഗകാമിക്ക് (24) വെച്ചുപിടിപ്പിച്ചത്.
സങ്കീർണ്ണമായ നിയമതടസ്സങ്ങളും ദൂരപരിധിയും മറികടന്ന് സർക്കാർ സംവിധാനങ്ങള്‍ ഒത്തൊരുമിച്ചതോടെ ഒരു ജീവൻ കൂടി കേരളം കാത്തുരക്ഷിച്ചു.
കാർഡിയാക് സർക്കോയിഡോസിസ് എന്ന ഗുരുതരമായ ഹൃദ്രോഗം ബാധിച്ച ദുർഗകാമിയെ ഡോ. ഷാജൻ വർഗീസ് കഴിഞ്ഞ വർഷം നേപ്പാള്‍ സന്ദർശനത്തിനിടെയാണ് കണ്ടെത്തുന്നത്. നേപ്പാളിലെ ചികിത്സാ സൗകര്യങ്ങളുടെ പരിമിതി മൂലം ഹൃദയം മാറ്റിവെക്കല്‍ മാത്രമായിരുന്നു ഏക പോംവഴി. തുടർന്ന് കേരളത്തിലെത്തിച്ച് കെ-സോട്ടോ (K-SOTTO) വഴി രജിസ്റ്റർ ചെയ്യുകയും വിദേശികള്‍ക്ക് അവയവമാറ്റത്തിനുള്ള നിയമതടസ്സങ്ങള്‍ ഹൈക്കോടതി ഇടപെടലിലൂടെ നീക്കുകയും ചെയ്തു.
കഴക്കൂട്ടത്ത് ഹോട്ടല്‍ ജീവനക്കാരനായിരുന്ന കൊല്ലം സ്വദേശി ഷിബു ഡിസംബർ 14-നുണ്ടായ വാഹനാപകടത്തെത്തുടർന്നാണ് മസ്തിഷ്കമരണത്തിന് കീഴടങ്ങിയത്. മകന്റെ വിയോഗത്തിനിടയിലും അവയവദാനത്തിന് കുടുംബം സമ്മതം മൂളിയതോടെ ദുർഗകാമിയുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ വാതില്‍ തുറന്നു.
മിന്നല്‍ വേഗത്തില്‍ ദൗത്യംമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തില്‍ നടന്ന ഏകോപനത്തിലൂടെ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ഹൃദയം എത്തിക്കാൻ വ്യോമപാതയൊരുങ്ങി.
ഉച്ചയ്ക്ക് 1.45: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഹൃദയവുമായി ഡോക്ടർമാർ പുറപ്പെട്ടു.
ഉച്ചയ്ക്ക് 2.00: പോലീസ് ഒരുക്കിയ ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക്.
ഉച്ചയ്ക്ക് 2.50: കൊച്ചി ബോള്‍ഗാട്ടിയില്‍ ഹെലികോപ്റ്റർ ഇറങ്ങി.
ഉച്ചയ്ക്ക് 2.56: വെറും നാല് മിനിറ്റിനുള്ളില്‍ ആംബുലൻസ് എറണാകുളം ജനറല്‍ ആശുപത്രിയിലെത്തി.
വൈകീട്ട് 3.15-ഓടെ ആരംഭിച്ച ശസ്ത്രക്രിയ ഏഴു മണിയോടെ വിജയകരമായി പൂർത്തിയായി. ഡോ. ജോർജ് വാളൂരാന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.
ഈ നാട് ഞങ്ങളെ ചേർത്തുപിടിച്ചുഅമ്മയെയും സഹോദരിയെയും ഇതേ രോഗം മൂലം നഷ്ടപ്പെട്ട ദുർഗകാമിയുടെ സഹോദരൻ തിലക് കാമി വികാരാധീനനായാണ് പ്രതികരിച്ചത്. ലോകത്ത് മറ്റെവിടെനിന്നും കിട്ടാത്ത സ്നേഹവും കരുതലും ഈ നാട് ഞങ്ങള്‍ക്ക് നല്‍കി, എന്ന് അദ്ദേഹം പറഞ്ഞു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR