Enter your Email Address to subscribe to our newsletters

Hyderabad, 23 ഡിസംബര്‍ (H.S.)
ഹൈദരാബാദില്‍, 7-ാം ക്ലാസ് വിദ്യാർത്ഥിയെ മർദിക്കാൻ പത്താം ക്ലാസ് വിദ്യാർത്ഥികളോട് ഉത്തരവിട്ട് പ്രിൻസിപ്പല്‍.
സ്കൂളിലെ സൈക്കിള്‍ സ്റ്റാൻഡില്‍ സൈക്കിള്‍ പാർട്‌സ് മോഷ്ടിച്ചതും സൈക്കിളിന്‍റെ കാറ്റ് തുറന്നുവിട്ടതും 7-ാം ക്ലാസ് വിദ്യാർത്ഥിയാണെന്ന് ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച ഒരു ചെറിയ തർക്കമാണ് അക്രമത്തിന് കാരണമായതെന്ന് റിപ്പോർട്ടുണ്ട്. പത്താം ക്ലാസിലെ വിദ്യാർഥികള്‍ സംഘം ചേർന്നാണ് 7-ാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചത്.
ഹൈദരാബാദിലെ കൊമ്ബള്ളി സർക്കാർ ഹൈസ്കൂളിലാണ് വിവാദ സംഭവം. സൈക്കിളിന്‍റെ കാറ്റ് തുറന്നുവിട്ടെന്ന് ആരോപിച്ച് വിദ്യാർഥിയെ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കുകയായിരുന്നു. തിങ്കളാഴ്ച മധു എന്ന അധ്യാപകൻ ഏഴാം ക്ലാസ് വിദ്യാർഥിയായ ഫണീന്ദ്ര സൂര്യയെ സൈക്കിള്‍ സ്റ്റാൻഡിലേക്ക് പരിശോധനക്കായി വിട്ടിരുന്നു. തുടർച്ചയായ ദിവസങ്ങളില്‍ സ്കൂളിലെ സൈക്കിളുകള്‍ക്ക് കേടുപാട് സംഭവിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് അധ്യാപകൻ സൂര്യയെ പരിശോധനക്കായി അയച്ചത്. ഇത് കണ്ടുനിന്ന ചാരി എന്ന അധ്യാപകൻ, സൈക്കിളുകള്‍ കേടുവരുത്തുന്നത് സൂര്യയാണെന്ന് തെറ്റിദ്ധരിച്ച് ഹെഡ്മാസ്റ്ററുടെ അടുത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
തുടർന്നാണ് പത്താം ക്ലാസ് വിദ്യാർത്ഥികളോട് 7-ാം ക്ലാസ് വിദ്യാർത്ഥിയെ മർദിക്കാൻ പ്രിൻസിപ്പല്‍ ഉത്തരവിട്ടത്. മർദനമേറ്റ് കഠിനമായ വേദനയോടെ വീട്ടിലെത്തിയ സൂര്യയെ മാതാപിതാക്കള്‍ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സൂര്യയുടെ പിതാവ് ശിവ രാമകൃഷ്ണ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഹെഡ്മാസ്റ്റർ കൃഷ്ണ, അധ്യാപകരായ മധു, ചാരി എന്നിവരുടെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂളുകളില്‍ ശാരീരിക ശിക്ഷ പൂർണമായും നിരോധിച്ചിട്ടുള്ളതാണ്.
പ്രിൻസിപ്പലിനെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്ന് മാതാപിതാക്കളും പ്രാദേശിക പ്രവർത്തകരും ആവശ്യപ്പെടുന്നു. വിദ്യാർത്ഥിയെ പരിക്കേല്‍പ്പിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത പ്രകാരവും കേസെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രിൻസിപ്പലിനെതിരെയും മറ്റ് അധ്യാപകർക്കെതിരെയും നിയമനടപടി ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR