Enter your Email Address to subscribe to our newsletters

Thrissur, 23 ഡിസംബര്‍ (H.S.)
ഗുരുവായൂരിൽ കോൺഗ്രസ് സീറ്റ് വേണമെന്ന് കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തൃശൂർ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് പറഞ്ഞു. വ്യക്തിപരമായി ആരെയും മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ലീഗുമായി ഒരു പ്രശ്നവും ഉണ്ടാകാത്ത രീതിയിൽ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. ഗുരുവായൂരിൽ കോൺഗ്രസ് സ്ഥാനാർഥി വേണമെന്നാണ് എല്ലാ പ്രവർത്തകരും ഒരുപോലെ ആവശ്യപ്പെടുന്നത്. പ്രവർത്തകരുടെ ആവശ്യമാണ് കെപിസിസിയെ അറിയിച്ചത്. ഏതെങ്കിലും ഒരു വ്യക്തി മത്സരിക്കണം എന്നല്ല കോൺഗ്രസിന് സീറ്റ് വേണമെന്നാണ് ആവശ്യമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
കെ. മുരളീധരൻ മത്സരത്തിന് എത്തിയാൽ കൂടുതൽ സന്തോഷം. അദ്ദേഹം തൃശൂരുമായി വൈകാരികമായി ബന്ധമുള്ള ആളാണ്. പക്ഷേ ഇതിൻ്റെ പേരിൽ ലീഗുമായി തെറ്റാനോ ശണ്ഠയ്ക്കോ താല്പര്യമില്ല. ജില്ലയിൽ യുഡിഎഫ് സംവിധാനം മുന്നോട്ടുപോകുന്നത് വളരെ നല്ല രീതിയിലാണ്. ലീഗ് ഇപ്പോൾ നടത്തിയിരിക്കുന്ന പ്രതികരണങ്ങൾ സ്വാഭാവികമാണ്. കോൺഗ്രസ് സീറ്റ് വിട്ടുകൊടുക്കുന്നതിനെ കുറിച്ച് ചോദിച്ചാൽ താനും അങ്ങനെയെ പ്രതികരിക്കൂ. ഈ കാര്യങ്ങളിലെല്ലാം അന്തിമ തീരുമാനം എടുക്കേണ്ടത് യുഡിഎഫ് സംസ്ഥാന നേതൃത്വമാണ്. ജില്ലാ കോൺഗ്രസ് യുഡിഎഫ് നേതൃത്വത്തിന്റെ മറുപടി പ്രതീക്ഷിക്കുകയാണ്. കോൺഗ്രസ് സ്ഥാനാർഥിയെ ഗുരുവായൂരിലേക്ക് സ്വാഗതം ചെയ്യുന്നു, ജോസഫ് ടാജറ്റ്.
അതേസമയം, ഗുരുവായൂരിൽ കെ. മുരളീധരൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് ഉറപ്പിച്ച് മുസ്ലീം ലീഗ് രംഗത്തെത്തിയിരുന്നു. ഗുരുവായൂർ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്നും യുഡിഎഫിന്റെ ഭാഗമായി ലീഗ് തന്നെ മത്സരിക്കുമെന്നും ലീഗ് ജില്ലാ പ്രസിഡൻ്റ് സി.എച്ച്. റഷീദ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ ഇന്ന് ജില്ലാ കമ്മിറ്റി യോഗം ചേരും. മുരളീധരനെ പോലെ ഒരാൾ എവിടെ നിന്നായാലും ജയിക്കും എന്ന കാര്യം ഉറപ്പാണെന്നും സി.എച്ച്. റഷീദ് പറഞ്ഞു. എന്നാൽ ജില്ലയിൽ മത്സരിക്കും എന്ന അഭ്യൂഹങ്ങൾ മുരളീധരൻ തന്നെ തള്ളിയിരുന്നു. എല്ലാം മാധ്യമസൃഷ്ടിയാണെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു. വ്യക്തിപരമായി മത്സരിക്കാൻ താല്പര്യമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR