Enter your Email Address to subscribe to our newsletters

Malappuram, 23 ഡിസംബര്‍ (H.S.)
മലപ്പുറത്ത് വയോധികയുടെ മുഖത്ത് മുളകുപൊടി വിതറി കവർച്ച. സ്വർണാഭരണം കവർന്നത് മുഖംമൂടി സംഘം. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
അമ്ബലപ്പാടി ബൈപ്പാസിലെ വീട്ടില്‍ തനിച്ച് താമസിക്കുന്ന ചന്ദ്രമതിയുടെ (63) വീട്ടിലാണ് കവർച്ച നടന്നത്. രണ്ടു പവന്റെ ആഭരണങ്ങളാണ് കവർന്നത്. വയോധികയെ ആക്രമിച്ചാണ് കള്ളന്മാർ മോഷണം നടത്തിയത്.
മോഷ്‌ടാക്കളെ പ്രതിരോധിക്കാൻ നടത്തിയ ശ്രമത്തിനിടയില്‍ പരിക്കേറ്റ ചന്ദ്രമതി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രി ഒമ്ബത് മണിയോടെയായിരുന്നു സംഭവം എന്ന പൊലീസ് പറഞ്ഞു. വീടിന് പുറത്തു നിന്നും വലിയ ശബ്ദം കേട്ടാണ് ചന്ദ്രമതി പുറത്തിറങ്ങിയത്. കുടിവെള്ള ടാങ്കിന് മുകളില്‍ തേങ്ങ വീണതാകുമെന്നാണ് കരുതിയത്. അടുക്കള വശത്തെ ലൈറ്റിട്ട് പുറത്തിറങ്ങിയ ഉടൻ തന്നെ രണ്ടു പേർ ചേർന്ന് ചന്ദ്രമതിയുടെ മുഖത്തും ശരീരത്തിലും മുളകുപൊടി വിതറി. മറ്റൊരാള്‍ വായ പൊത്തിപിടിച്ചു.
ഒരാള്‍ കൈയിലെ വളകള്‍ ഊരിയെടുക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോള്‍ പ്ലയർ ഉപയോഗിച്ച് മുറിച്ചെടുത്തു. ഇതിനിടയില്‍ വയോധികയെ നിലത്തേക്ക് തള്ളി വീഴ്‌ത്തിയ ശേഷം മോഷ്‌ടാക്കള്‍ അവിടെ നിന്നും കടന്നു കളഞ്ഞു.നിലത്ത് വീണു കിടന്ന ചന്ദ്രമതി ബഹളം വച്ചതോടെ സമീപത്തെ വീടുകളില്‍ താമസിക്കുന്ന ബന്ധുക്കള്‍ ഓടിയെത്തുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ സമീപ പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും മോഷ്‌ടാക്കളെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പരേതനായ വിമുക്തഭടൻ പാലിക്കത്തോട്ടില്‍ വിജയകുമാറിന്റെ ഭാര്യയാണ് ചന്ദ്രമതി.
മറ്റൊരു സംഭവത്തില്‍ കഴിഞ്ഞ ആഴ്ച കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ ചമല്‍ പൂവന്‍മലയില്‍ മുളകുപൊടിയുമായെത്തി അയല്‍വീട്ടില്‍ അതിക്രമിച്ചുകയറി, ഒറ്റയ്ക്കുതാമസിക്കുന്ന വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചോടിയ കേസില്‍ യുവതി അറസ്റ്റിലായിരുന്നു. ചമല്‍ പൂവന്‍മല വാണിയപുറായില്‍ വി.എസ്. ആതിരയെന്ന ചിന്നു(26)വിനെയാണ് എസ്‌ഐ എം.പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ താമരശ്ശേരി പോലീസ് അറസ്റ്റുചെയ്തത്. അയല്‍വാസിയായ ചമല്‍ പൂവന്‍മല പുഷ്പവല്ലി(63)യെ ആക്രമിച്ച് രണ്ടുപവന്‍ സ്വര്‍ണമാല പൊട്ടിച്ച് കവർന്ന കേസിലാണ് അറസ്റ്റ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR