Enter your Email Address to subscribe to our newsletters

Palakkad, 23 ഡിസംബര്‍ (H.S.)
പാലക്കാട് ജില്ലയിലെ വാളയാറില്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ചാത്തീസ്ഗഡ‍് സ്വദേശി രാം നാരായണൻ കൊല്ലപ്പെട്ട കേസില്‍ കൂടുതല്‍ പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന.
ആക്രമണ സമയത്ത് പകർത്തിയ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്നാണ് വിവരം. മർദനസമയത്ത് ഇവരും സ്ഥലത്ത് ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. സംഭവത്തില്‍ ഉള്‍പ്പെട്ട ചിലർ നാടുവിട്ടതായും, ദൃശ്യങ്ങള്‍ പകർത്തിയ ഫോണുകള്‍ നശിപ്പിക്കപ്പെട്ടതായുമാണ് വിവരം. ചില ആളുകള്‍ തമിഴ്‌നാട്ടിലേക്ക് കടന്നുവന്ന വിവരവും വരുന്നുണ്ട്. ഇതുവരെ കേസില്‍ അഞ്ച് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അറസ്റ്റിലായ എല്ലാവരും മുൻപും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഒന്നാം പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 15-ലധികം കേസുകള്‍ നിലവിലുണ്ട്. ഇവരെക്കൂടാതെയാണ് ഇപ്പോള്‍ കൂടുതല്‍ പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം അറസ്റ്റിലായവർക്കെതിരെ ദുർബല വകുപ്പുകള്‍ മാത്രം ചേർത്ത് ആണ് പോലീസ് കേസെടുത്തിട്ടുള്ളതെന്നാണ് വിവരം. കൊല്ലപ്പെട്ട രാം നാരയണൻ ദലിത് വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളായിട്ടും എസ്‍സി-എസ്ടി വകുപ്പും ആള്‍ക്കൂട്ട കൊലപാതകം എന്ന വകുപ്പും ചേർത്തിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം, രാം നാരായണന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. പുലർച്ചെ 2.30 കഴിഞ്ഞാണ് മൃതദേഹം തൃശൂർ മെഡിക്കല്‍ കോളേജില്‍ നിന്നും നെടുമ്ബാശ്ശേരിയിലേക്ക് കൊണ്ടുപോയത്. മൃതദേഹം നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്നും 11 മണിക്കുള്ള വിമാനത്തില്‍ മൃതദേഹം ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോകും. സംസ്ഥാന സർക്കാരിന്റെ ചെലവിലാണ് മൃതദേഹം നാട്ടിലെത്തിക്കുക. രാം നാരായണന്റെ ബന്ധുക്കളും ഇതേ വിമാനത്തിലാണ് നാട്ടിലേക്ക് പോകുക.
രാം നാരായണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ വ്യക്തമാക്കി. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. കേസിന്റെ വിശദംശങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിയമ നടപടികള്‍ കൈക്കൊള്ളാൻ നിർദേശം നല്‍കിയിട്ടുണ്ട്. കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കും. കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിൻ്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവർത്തിയാണ് നടന്നതെന്നും. ഇത്തരം പ്രവർത്തികള്‍ ഒരിക്കലും അംഗീകരിക്കാം കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR