പക്ഷിപ്പനി മനുഷ്യരില്‍ പകരാതിരിക്കാന്‍ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്
Thiruvanathapuram, 23 ഡിസംബര്‍ (H.S.) കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി (എച്ച്5 എന്‍1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആ
Veena Geroge


Thiruvanathapuram, 23 ഡിസംബര്‍ (H.S.)

കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി (എച്ച്5 എന്‍1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കേരളത്തില്‍ പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഫീല്‍ഡ് തലത്തില്‍ ജാഗ്രത പാലിക്കണം. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ആലപ്പുഴ, കോട്ടയം ജില്ലകളിലെ പരിശീലനം സിദ്ധിച്ച വണ്‍ ഹെല്‍ത്ത് കമ്മ്യൂണിറ്റി വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ സാമൂഹിക അവബോധം ശക്തിപ്പെടുത്താനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാതല കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകളും പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സാമഗ്രികളും ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരുന്നു. ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട് എന്നീ രോഗ ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പക്ഷികളില്‍ ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങള്‍ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കേണ്ടതാണ്. മറ്റ് രാജ്യങ്ങളില്‍ സസ്തനികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതുവരെ അത്തരം കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ സസ്തനികളിലും പെട്ടെന്നുള്ള മരണമുണ്ടായാല്‍ ബന്ധപ്പെട്ടവരെ വിവരം അറിയിക്കേണ്ടതാണ്. ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ കൈകാര്യം ചെയ്യരുത്. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക.

പക്ഷികളുടെ പച്ചമാംസം, കാഷ്ടം (വളത്തിനും മറ്റും) കൈകാര്യം ചെയ്യുന്നവര്‍ക്ക് റിസ്‌ക് കൂടുതലായതിനാല്‍ മാസ്‌കുകള്‍, കൈയുറകള്‍ തുടങ്ങിയ സുരക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിക്കുക. തൊഴിലിന്റെ ഭാഗമായി പച്ച മാംസം കൈകാര്യം ചെയ്യുന്നവര്‍ തീര്‍ച്ചയായും മാസ്‌ക് ധരിക്കണം. പച്ച മാസം ഒരു കാരണവശാലും കഴിക്കരുത്.

പക്ഷിപ്പനി

ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍

പക്ഷികളെ ബാധിക്കുന്നതും അവയില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനും സാധ്യതയുള്ള വൈറസ് രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ.

കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി തുടങ്ങിയ എല്ലാ പക്ഷികളെയും രോഗം ബാധിക്കാം. കേരളത്തില്‍ ഇതുവരെ രോഗം മനുഷ്യരെ ബാധിച്ചതായി കണ്ടെത്തിയിട്ടില്ലെങ്കിലും രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്ത് പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ എന്നിവര്‍ക്ക് രോഗം ബാധിക്കുന്നത് തടയാന്‍ പൂര്‍ണമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

പക്ഷികളിലെ രോഗലക്ഷണങ്ങള്‍

കൂടുതലായി തൂവല്‍ കൊഴിയുക, കട്ടി കുറഞ്ഞ തോടോടുകൂടിയ മുട്ട ഇടുക, ഇടുന്ന മുട്ടകളുടെ എണ്ണം കുറയുക, മന്ദത, തീറ്റ കഴിക്കാന്‍ മടികാണിക്കുക, പൂവ്, കൊക്ക്, ആട തുടങ്ങിയ ഇടങ്ങളില്‍ നീല നിറം കാണുക, വയറിളക്കം, കണ്‍പോളകളിലും തലയിലും നീര്‍ക്കെട്ടുണ്ടാവുക, മൂക്കില്‍നിന്ന് രക്തം കലര്‍ന്ന സ്രവം വരിക, ശ്വാസതടസ്സം, നടക്കാനും നില്‍ക്കാനുമുള്ള ബുദ്ധിമുട്ട്, ശരീരത്തില്‍ സൂചിപ്പാടുകള്‍ പോലുള്ള രക്തസ്രാവം, ശ്വാസം മുട്ടല്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍.

മനുഷ്യരിലെ പ്രതിരോധമാര്‍ഗങ്ങള്‍

രോഗബാധയുണ്ടെന്നു സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കയ്യുറ, മാസ്‌ക്, എന്നിവ ധരിക്കുകയും കൈകള്‍ കൃത്യമായി സോപ്പും വെള്ളവും ഉപയോഗിച്ച് അടിക്കടി കഴുകുകയും ചെയ്യണം.

പനി ബാധിച്ചാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വിദഗ്ധ ചികിത്സ തേടുകയും ചെയ്യണം.

ചത്തുപോയ പക്ഷികള്‍, അവയുടെ മുട്ട, കാഷ്ടം തുടങ്ങിയവ ആഴത്തില്‍ കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യണം

രോഗം ബാധിക്കാത്ത സ്ഥലങ്ങളിലെ പക്ഷികളുടെ ഇറച്ചി നന്നായി വേവിച്ച് കഴിക്കാവുന്നതാണ്, മുട്ട പുഴുങ്ങിയും കഴിക്കാം. എന്നാല്‍ പകുതി പുഴുങ്ങി കഴിക്കുന്നത് ഒഴിവാക്കണം

---------------

Hindusthan Samachar / Sreejith S


Latest News